ഡല്‍ഹി: ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രം പാകിസ്ഥാനോട് ആവശ്യപ്പെട്ടു.ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.പാകിസ്ഥാനില്‍ ദാവൂദുമായി ബന്ധമുള്ള കുറഞ്ഞത് പത്ത് അക്കൗണ്ടുകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
ഹവാല പണമിടപാടുകള്‍ പിന്തുടര്‍ന്നെത്തിയാണ് രഹസ്യാന്വേഷണ വിഭാഗം ദാവൂദിന്റെ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് വിനിയോഗം തടയുന്ന വിഭാഗം സംശയാസ്പദമായ നിലയിലുള്ള ബാങ്ക് അക്കൗണ്ടുകളെ തിരഞ്ഞുപിടിച്ച് അവ മരവിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 1993 മുംബൈ സ്ഫോടന പരമ്പര കേസിലെ മുഖ്യപ്രതിയാണ് ദാവൂദ്. ഇയാളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം തന്നെ ജമാഅത്ത് ഉദ്ദവ തലവനും ലഷ്കറെ തോയിബ സ്ഥാപകനുമായ ഹാഫീസ് മുഹമ്മദ് സെയ്ദിനെയും മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന് ലഖ്വിയെയും കുറിച്ചുള്ള വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പാകിസ്ഥാന് സര്‍ക്കാരിനോട് ആരാഞ്ഞിട്ടുണ്ട്.
Discussion about this post