മോസ്കോ: ലോകകപ്പില്‍ ഒരു തോല്‍വി മാത്രമാണ് ചുവന്ന കുപ്പായക്കാര്‍ വഴങ്ങിയത്. ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെന്ന ചരിത്ര നേട്ടവും.റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച ടീം എന്ന പെരുമയുമായാണ് ബെല്‍ജിയം മടങ്ങുന്നത്.
ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം മറികടന്നത്. 1986ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.
നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്. നാസര്‍ ചാഡ്ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയര്. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ബെല്‍ജിയും അവസാന മത്സരത്തില്‍ പുതിയൊരു റെക്കോഡും സ്വന്തമാക്കി. സെല്‍ഫ് ഗോളുകള്‍ ഒഴിച്ച നിര്‍ത്തിയാല്‍ ബെല്‍ജിയത്തിനു വേണ്ടി 10 വ്യത്യസ്ത കളിക്കാരാണ് ഗോളടിച്ചത്. ഇതിനു മുന്‍പ് 2006 ല്‍ ഇറ്റലിക്കും 1982 ഫ്രാന്‍സിനും വേണ്ടി മാത്രമാണ് 10 കളിക്കാര്‍ ഗോള്‍ നേടിയിട്ടുള്ളത്.
എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി. തന്നെ വളഞ്ഞ നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന് നല്കിയ പാസിലൂടെയാണ് ഹസാര്‍ഡ് ഗോള്‍ സ്കോര്‍ ചെയ്തത്. പന്തുമായി കുതിച്ച ഹസാര്‍ഡ് ഗോള്‍കീപ്പറേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. ലോകകപ്പില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളാണിത്.ലുക്കാക്കുവിന് ലഭിച്ച തുറന്ന അവസരങ്ങള്‍ മുതലാക്കുകയായിരുന്നെങ്കില്‍ സ്കോര്‍ രണ്ടിലൊതുങ്ങുമായിരുന്നില്ല. മൂന്നോളം തുറന്ന അവസരങ്ങളാണ് ലുക്കാക്കുന്റെ കാലില്‍ നിന്ന് അകന്നത്.
പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യമെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 70-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഗോളെന്നുറച്ചൊരു അവസരം ബെല്‍ജിയം ഡിഫന്‍ഡര്‍ ആല്‍ഡര്‍വയ്റല്‍ഡ് ഗോള്‍ ലൈനില്‍ സ്ലൈഡ് ചെയ്തെത്തി തട്ടിയകറ്റി. എറിക് ഡീറെടുത്ത കിക്കായിരുന്നു ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് ചെന്നത്. എന്നാല്‍ പോസ്റ്റിന്റെ കവാടത്തില്‍ വെച്ചായിരുന്നു കുതിച്ചെത്തിയ ആല്‍ഡര്‍വെയ്റല്‍ഡ് തട്ടിമാറ്റിയത്.
റഷ്യന്‍ ലോകകപ്പില്‍ രണ്ടു ടീമുകള്‍ ആദ്യമായിട്ടാണ് രണ്ടു തവണ നേര്‍ക്കു നേര് ഏറ്റമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തിലും ബെല്‍ജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.
Discussion about this post