ഡല്‍ഹി: 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ‘പിടിച്ചെടുക്കാന്‍’ ബിജെപി കളത്തിലിറക്കുക പ്രമുഖ വ്യക്തിത്വങ്ങളെയും കലാകാരന്മാരെയും. ബോളിവുഡ്- ക്രിക്കറ്റ് താരങ്ങള്‍, നവസംരംഭകര്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍, ആദര്‍ശധീരരെന്ന് പെരുമ നേടിയ ഉദ്യോഗസ്ഥര്‍ എന്നിവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കം.
ഇതുവരെ സീറ്റ് നേടാന്‍ കഴിയാത്ത മണ്ഡലങ്ങളില്‍ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥികളെ നിറുത്തി സീറ്റ് പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍, അനുപം ഖേര്‍, നാനാ പടേക്കര്‍, പരേഷ് റാവല്‍ എന്നിവരെയാകും ബോളിവുഡില്‍ നിന്നും ബിജെപി രംഗത്തിറക്കുക. പഞ്ചാബില്‍ നിന്നോ ഡല്‍ഹി നിന്നോ ആകും അക്ഷയ് കുമാറിനെ മത്സരിപ്പിക്കുക. നിലവില്‍ കനേഡിയന്‍ പൗരത്വമുള്ള അക്ഷയ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിന് ശേഷമാകും മത്സരരംഗത്തിറങ്ങുക. എന്നാല്‍ ഇത് സംബന്ധിച്ച് താരത്തിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗായകരായ മനോജ് തിവാരി, ബാബുള്‍ സുപ്രിയോ, എഴുത്തുകാരന് പ്രതാപ് സിന്‍ഹ, ആഭ്യന്തരവകുപ്പ് മുന്‍ സെക്രട്ടറി ആര്.കെ.സിംഗ്, മുംബയ് മുന്‍ പൊലീസ് കമ്മിഷണര്‍ സത്യപാല്‍ സിംഗ് തുടങ്ങിയവരാണ് ബി.ജെ.പി പരിഗണിക്കുന്ന മറ്റ് പ്രമുഖ മുഖങ്ങള്‍. ഇവരെ കൂടാതെ തിരഞ്ഞെടുപ്പിനോടടുത്ത് പല പ്രമുഖരും പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
2014ല്‍ നേടിയ 232 എന്ന മാന്ത്രിക സംഖ്യയേക്കാള്‍ ഭൂരിപക്ഷം ഇത്തവണ നേടാന്‍ കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പ്രമുഖ പ്രചാരണ വിദഗ്ധന്‍ പ്രശാന്തി കിഷോര്‍ എത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പ്രചാരണ രഹസ്യങ്ങള്‍ അറിഞ്ഞ പ്രശാന്ത് കിഷോര്‍ തിരിച്ചെത്തുന്നത് ബിജെപിയ്ക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷ.
Discussion about this post