നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പാക്കിസ്ഥാന് ചാരന്മാര് എന്ന് സംശയിയ്ക്കുന്ന രണ്ട് നൈജീരിയന്‍ പൗരന്മാര് പിടിയിലായി. ബീഹാറിലെ ചമ്പാരന്‍ ജില്ലയില്‍ റക്സൗല്‍ പട്ടണത്തിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ വച്ച് വ്യാജ യാത്രാരേഖകളുമായാണ് അവര്‍ പിടിയിലായത്.
ഇവരുടെ കൈയ്യില്‍ നിന്ന് ഹാങ്ങിങ്ങിനെ സംബന്ധിയ്ക്കുന്ന രേഖകളും പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള ചില രേഖകളും യൂഎസ്ബീ സ്റ്റോറേജില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിയ്ക്കാനാവും വിധമുള്ള ചില കമ്പ്യൂട്ടര്‍ ഫയലുകളും അന്താരാഷ്ട്ര ബാങ്കിങ്ങ് രേഖകളും കണ്ടെടുത്തിട്ടുണ്ടെന്ന് സുരക്ഷാ സേനകള്‍ അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ കൊല്‍ക്കൊത്തയിലേക്ക് യാത്രചെയ്യാനാണ് പദ്ധതിയെന്നാണ് ഇവര്‍ അറിയിച്ചത്.കൊല്‍ക്കൊത്തയിലെ ഒരു ഫുഡ്ബോള്‍ ക്ളബില്‍ കളിക്കാനെത്തിയ ഫുഡ്ബോള്‍ കളിക്കാരാണ് എന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ ഇവരുടെ പാസ്പ്പോര്‍ട്ടില്‍ ഇവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയതായി വ്യാജ സീല്‍ പതിപ്പിച്ചിട്ടുണ്ട്. ആവശ്യമായ യാത്രാരേഖകള്‍ ഉള്ളവരാകും ഇവരെന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിയ്ക്കാനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയെന്ന കപട സീല്‍ പതിപ്പിച്ചതെന്ന് കരുതുന്നു. നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് കടന്നാല്‍ ആരും പെട്ടെന്ന് ശ്രദ്ധിയ്ക്കുകയില്ല എന്നതിനാലാണ് ആ വഴി തിരഞ്ഞെടുത്തത്. ഇവരെ ചോദ്യം ചെയ്യാനായി എന്‍ ഐ എയ്ക്ക് വിട്ടുകൊടുത്തുവെന്ന് റക്സൗല്‍ പോലീസ് മേധാവി അജയ് കുമാര്‍ അറിയിച്ചു.
Discussion about this post