തിരുവനന്തപുരം: പതിനഞ്ച് ചോദ്യങ്ങളാണ് അന്വേഷണസംഘം നുണപരിശോധനയ്ക്കായി അമ്പിളിയോട് ചോദിക്കാന്‍ തയ്യാറാക്കിയിരുന്നത്. ഇതില്‍ 13 ചോദ്യങ്ങള്‍ക്ക് അമ്പിളി ഉത്തരം നല്‍കി. കെ.എം മാണിയ്ക്ക് പണം നല്‍കിയതിന് സാക്ഷിയായിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അമ്പിളിയുടെ ഉത്തരം. ബാറുടമകള്‍ കോഴപ്പണം ധനമന്ത്രി കെ എം മാണിക്കു കൈമാറിയത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണെന്നു ബിജു രമേശിന്റെ ഡ്രൈവര്‍ വെളിപ്പെടുത്തി.
മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണി പണം നല്‍കിയതിനെക്കുറിച്ചാണ് നുണപരിശോധനയില്‍ അമ്പിളിയുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ ഉള്ളത്.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ തിരുവനന്തപുരത്തെ മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയാണ് പണം നല്‍കിയതെന്നാണ് അമ്പിളിയുടെ മൊഴി. സംഭവദിവസം കവടിയാറിലെ ബിജു രമേശിന്റെ ഹോട്ടലില്‍ താമസിച്ച രാജ് കുമാര്‍ ഉണ്ണി അമ്പിളി ഓടിച്ച ബിജു രമേശിന്റെ കാറിലാണ് മാണിയുടെ വസതിയിലെത്തിയത്. പോകും വഴി നന്ദന്‍കോട്ടെ ഒരു വീട്ടില്‍ പണം സൂക്ഷിച്ചു. മാണിയുടെ വീട്ടിലെത്തി മാണിയുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ രാജ് കുമാര്‍ ഉണ്ണി തന്നോടു പണം എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു നന്ദന്‍കോട്ടെ വീട്ടില്‍പോയി പണം കൊണ്ടുവന്നു. രാജ് കുമാര്‍ ഉണ്ണി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പണവുമായി വസതിയുടെ അകത്തേക്കു പോയെന്നും പണം നല്‍കിയെന്നുമാണ് അമ്പിളി അന്വേഷണസംഘത്തിനോട് പറഞ്ഞിരുന്നത്. ഇത് ശരിവെയ്ക്കുകയാണ് നുണപരിശോധന ഫലം.
കഴിഞ്ഞദിവസമാണ് നുണപരിശോധനാ ഫലം പുറത്തുവന്നത്. ഫലം ചോര്‍ന്നതിനെക്കുറിച്ചു വാദപ്രതിവാദങ്ങള്‍ ശക്തമായിരിക്കേയാണ് ഫലത്തിന്റെ പൂര്‍ണരൂപം പുറത്തുവരുന്നത്. ഫലം പുറത്തായത് ക്രൈബ്രാഞ്ച് അന്വേഷണത്തിന് വിട്ടിരിക്കുകയാണ്.
Discussion about this post