തിരുവനന്തപുരം: താര ആരാധകരുടെ തെറിവിളികാരണം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നതായി നടി സജിതാ മഠത്തില്‍. ‘താര രാജാക്കന്മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും’ -സജിതാ മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ വിശിഷ്ടാതിഥികളായി താരങ്ങളെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്കിയ നിവേദനത്തില്‍ സജിതാ മഠത്തില്‍ ഒപ്പിട്ടിരുന്നു. ഉത്തമബോധ്യത്തോടെയാണ് താന്‍ ഒപ്പിട്ടതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഒപ്പുവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ തനിക്ക് യാതൊരു കണ്‍ഫ്യൂഷനുമില്ല.മോഹന്‍ലാല്‍ എന്ന നടന്റെ പേരു കൂട്ടി ചേര്‍ത്ത് വിവാദമുണ്ടാക്കിയാലും ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സജിത വ്യക്തമാക്കിയിരുന്നു.
നേരത്തെ താര ആരാധകരുടെ തെറിവിളിയും ഭീഷണിയും വ്യക്തിഹത്യയും കാരണം സംവിധായകന് ഡോ. ബിജുവും ഫേസ്ബുക് പേജ് ഡിലീറ്റ് ചെയ്തിരുന്നു. താരങ്ങളുടെ അനുയായികളെന്ന് അവകാശപ്പെടുന്നതു കൊണ്ട് അവര്‍ക്കെതിരെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തില്‍ കാര്യമില്ലെന്ന് ബോധ്യമായതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഡോ.ബിജു വ്യക്തമാക്കി.
https://www.facebook.com/sajitha.madathil/posts/10155805055446089
Discussion about this post