പ്രതിരോധനിര്‍മ്മാണ മേഖലയിലെ തന്ത്രപരമായ പങ്കാളിത്ത മാതൃകയ്ക്ക് (defence Strategic Partnership model) വേണ്ടുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു . പ്രതിരോധമേഖലയില്‍ ഉപയോഗിയ്ക്കുന്ന ആയുധങ്ങളുടെയും ഹെലികോപ്റ്ററുകളും വിമാനങ്ങളുമുള്പ്പെടെയുള്ള വാഹനങ്ങളുടെയും മറ്റു സാങ്കേതികവിദ്യകളുടെയും നിര്‍മ്മാണം ഇന്ത്യയിലെ വിവിധ സ്വകാര്യ പൊതുമേഖലാ കമ്പനികള്‍ക്ക് കൂടി പങ്കാളിത്തമുണ്ടാകുന്ന നിലയിലായിരിയ്ക്കണം എന്ന വ്യവസ്ഥയാണ് പ്രധാനമായുള്ളത് .
ഇന്ത്യന്‍ ഗവണ്മെന്റ് വാങ്ങുന്ന പ്രതിരോധസാങ്കേതികവിദ്യകള്, വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവയുടെയെല്ലാം നിര്‍മ്മാണം പൂര്‍ണ്ണമായോ ഭാഗികമായോ ഇന്ത്യയില്‍ത്തന്നെ ആയിരിയ്ക്കണം എന്നും ഇന്ത്യയിലെ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഒരു കമ്പനി ആ നിര്‍മ്മാണത്തില്‍ തന്ത്രപ്രധാനമായ പങ്കാളി ആയിരിയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നതാണ് ഈ മാതൃക. ഇതിന്റെ ആദ്യഘട്ടത്തില്‍ യുദ്ധവിമാനങ്ങള്‍, ഹെലിക്കോപ്റ്ററുകള്‍, അന്തര്‍വാഹിനികള്‍, ടാങ്കുകള്‍ ഉള്‍പ്പെടെയുള്ളാ കവചിത വാഹനങ്ങള്‍ എന്നിവയാകും ഈ വ്യവസ്ഥയില്‍ ഉള്‍ക്കൊള്ളിയ്ക്കുക.
21000 കോടി രൂപ ചിലവാക്കി നാവികസേനയ്ക്കായി വാങ്ങുന്ന നൂറ്റിപ്പതിനൊന്ന് ഇരട്ട എഞ്ചിന് ഹെലിക്കോപ്റ്ററുകളാവും ഈ പദ്ധതിയ്ക്ക് കീഴില്‍ ആദ്യം നിര്‍മ്മിയ്ക്കുക.ആദ്യത്തെ പതിനഞ്ച് ഹെലിക്കോപ്റ്ററുകള്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച നിലയില്‍ ഇറക്കുമതി ചെയ്യുകയും ബാക്കി തൊണ്ണൂറ്റിയാറു ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്മ്മിയ്ക്കുകയുമായും ഉണ്ടാവുക. പ്രധാന സാങ്കേതികവിദ്യയും മറ്റും കൂടുതല്‍ പങ്കുവയ്ക്കുകയാണെങ്കില്‍ അത്തരം കമ്പനികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും. ഇത് ഇന്ത്യയിലെ പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാകും വഴിയൊരുക്കുക. ഒപ്പം അത്യാവശ്യഘട്ടങ്ങളില്‍ ഇന്ത്യയ്ക്ക് പുറത്തുനിന്ന് യന്ത്രഭാഗങ്ങളും മറ്റും ഇറക്കുമതി ചെയ്യേണ്ടിവരികയെന്ന ബുദ്ധിമുട്ടും ഒഴിവാക്കും. മേക് ഇന്‍ ഇന്ത്യാ പദ്ധതി പ്രതിരോധസാങ്കേതികരംഗത്തേക്കും നീങ്ങുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍മ്മാണമേഖലയില്‍ പങ്കാളികളാകാനാകും. അതുവഴി നമ്മുടെ സ്വന്തം ഗവേഷണങ്ങള്‍ക്കും വലിയതോതില്‍ മുന്നേറ്റമുണ്ടാകും. 800 കോടി രൂപ മുടക്കി കോസ്റ്റ് ഗാര്‍ഡിനു വേണ്ടി പൂര്‍ണ്ണമായും ഇന്ത്യയില്‍ത്തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിയ്ക്കുന്ന നിരീക്ഷണയാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വാങ്ങുന്നുണ്ട്.
Discussion about this post