മധ്യപ്രദേശിലെ റോഡുകള്‍ യു.എസിലെ റോഡുകളേക്കാള്‍ ഗുണനിലവാരമുള്ളവയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തില്‍ വന്നതിന് ശേഷം കൂടുതല്‍ വൈദ്യുതിയും മെച്ചപ്പെട്ട് റോഡുകളും നിലവില്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു. 1.5 ലക്ഷം കിലോമീറ്റര്‍ നീളത്തില്‍ റോഡുകള്‍ പണിഞ്ഞെന്നും 18,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരണകാലത്ത് മധ്യപ്രദേശ് ഒരു അസുഖ ബാധിത സംസ്ഥാനമായിരുന്നെന്നും അദ്ദേഹം പരാമര്‍ശിച്ചു. വര്‍ഷങ്ങളോളം ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ‘ഗരീബീ ഹടാവോ’ എന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അവര്‍ക്കതിന് കഴിഞ്ഞില്ലായെന്നും അദ്ദേഹം പറഞ്ഞു.
‘മധ്യപ്രദേശ് എന്റെ ക്ഷേത്രവും അവിടുത്തെ ജനങ്ങള്‍ എന്റെ ദൈവങ്ങളും ഞാന്‍ അവിടുത്തെ പൂജാരിയുമാകുന്നു. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു അവര്‍ക്ക് ജനങ്ങളുടെ കൈയ്യില്‍ നിന്നും ആശീര്‍വാദം വേണ്ടായെന്ന്. ജനങ്ങള്‍ അവരുടെ അടുത്ത് വന്നോളുമെന്നും അവര്‍ പറയുന്നു. ഇത് ജനങ്ങളെ കളിയാക്കലാണ്,’ മധ്യപ്രദേശില്‍ ‘ജന്‍ ആശീര്‍വാദ് യാത്ര’യുടെ ഭാഗമായ റാലിയില്‍ സംസാരിക്കവെ ചൗഹാന്‍ പറഞ്ഞു.
മോദിയുടെ ഭരണത്തില്‍ ലോകത്തെ ഒരു രാജ്യത്തിനും ഇന്ത്യയെ അവഗണിക്കാന്‍ സാധിക്കുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post