തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയുടെ രാജി അനിവാര്യമാണെന്ന വിലയിരുത്തലില്‍ കേരളാ കോണ്‍ഗ്രസ് എത്തിയതോടെ പകരം ആര് മന്ത്രിയാകുമെന്ന് ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായി. മാണിക്കുപകരം ജോസ് കെ മാണിയെ മന്ത്രിയാക്കാനും ആലോചനയുണ്ട്.
പകരം മന്ത്രിയെക്കുറിച്ച് പി സി ജോര്‍ജ് നിലപാട് വ്യക്തമാക്കിയതോടെ, മാണിയുടെ രാജിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ഭൂരിപക്ഷം നേതാക്കളും കരുതുന്നു.രാജി അനിവാര്യമാണെന്ന് കെ.എം മാണിയെ ബോധ്യപ്പെടുത്താന്‍ മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാക്കളെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.ബാര്‍കോഴ കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ അധികാരം കുടുംബത്തിലുള്ളയാള്‍ തന്നെ കൈവശം വെക്കുന്നതാണ് ബുദ്ധിയെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം, ഇക്കാര്യത്തില്‍ ജോസ് കെ മാണിക്കും അനുകൂല അഭിപ്രായമാണ്.എന്നാല്‍ ജോസ് കെ മാണി നേതൃത്വത്തിലേക്ക് വരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്.എംഎല്‍എമാരില്‍ ഒരാള്‍ മാത്രമേ ജോസ് കെ മാണിയെ പിന്തുണക്കുന്നുള്ളൂ.
അതേസമയം എതിര്‍പ്പുകളെ അവഗണിച്ച് ജോസ് കെമാണിക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ കേരള കോണ്‍ഗ്രസില്‍ ഇത് വലിയ പൊട്ടിത്തെറിയുണ്ടാക്കിയേക്കും.ഇത് സംബന്ധിച്ച് 28 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടുത്തേക്കും. കെഎം മാണിയുടെ രാജിക്കാര്യത്തിലും നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്.
Discussion about this post