‘ദേശീയ ദുരന്തം’ എന്നുള്ളത് വെറുമൊരു പ്രയോഗം മാത്രമാണെന്നും ഒരു ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം കേരളത്തില്‍ സംഭവിച്ചത് ഏറ്റവും വലിയ ദുരന്തമാണെന്നും കേന്ദ്രം അറിയിച്ചു. എല്‍3 പട്ടികയില്‍ പെട്ട ദുരന്തമായാണ് കേരളത്തില്‍ സംഭവിച്ച പ്രളയത്തെ കേന്ദ്രം തിരിച്ചിരിക്കുന്നത്. കേരളത്തിലെ വെള്ളപ്പൊക്കത്തിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഷിബി.എ എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയത്
ഏറ്റവും വലിയ രീതിയിലുള്ള ദുരന്തത്തെയാണ് എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ദേശീയ ദുരന്ത നിവാരണ രൂപരേഖയില്‍ ഏറ്റവും ഉയര്‍ന്ന ദുരന്ത വിഭാഗമാണ് എല്‍3. ഇങ്ങനെയുള്ള ദുരന്തങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
അതേസമയം സംസ്ഥാന സര്‍ക്കാരിനോട് എത്രയും വേഗം ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്ന പുനരധിവാസ പ്രക്രിയകള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Discussion about this post