ദുരിതം വിതച്ച പ്രളയത്തിനു കാരണമായ പല ഡാമുകളും തുറന്നത് വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്കാതെയും. ജില്ലാ കളക്ടര്‍പോലും അറിയാതെയാണ് ബാണാസുര ഡാം തുറന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം. ദുരന്തനിവാരണ അതോറിറ്റിയുടെ വാട്സാപ് ഗ്രൂപ്പില്‍ വിവരം അറിയിച്ചിരുന്നുവെന്നാണു കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
ജൂലൈ 15ന് ആണു ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളില്‍ മൂന്നെണ്ണം ആദ്യമായി തുറന്നത്. ഷട്ടര്‍ ആദ്യം തുറക്കുന്നതിനു മുന്‍പു മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയതും നാലാമത്തെ ഷട്ടര്‍ തുറന്നതും നാട്ടുകാരെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു. ഇതോടെ, ഒട്ടേറെ വീടുകള്‍ക്കു മുകളില്‍ വരെ വെള്ളമുയര്‍ന്നു. പിന്നീടു മഴ കുറഞ്ഞപ്പോള്‍ ഷട്ടറുകള്‍ 80 സെന്റിമീറ്ററിലേക്കു താഴ്ത്തിയെങ്കിലും രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും 90 സെന്റിമീറ്ററാക്കി ഉയര്‍ത്തി. ഷട്ടറുകളുടെ ഉയരം വര്‍ധിപ്പിക്കുമ്പോഴുള്ള അനൗണ്‍സ്മെന്റോ മറ്റു പ്രചാരണങ്ങളോ ഉണ്ടായില്ല. വില്ലേജ് ഓഫിസറെയോ കലക്ടറെപ്പോലുമോ വിവരം അറിയിച്ചില്ല. ഇതു വലിയ വിവാദമായപ്പോള്‍ മാത്രമാണു പിന്നീടു കൃത്യമായി അറിയിപ്പുകളുണ്ടായത്. നിലവില്‍ ബാണാസുരയുടെ ഒരു ഷട്ടര്‍ മാത്രമേ (10 സെന്റിമീറ്റര്‍ ഉയരത്തില്‍) തുറന്നിട്ടുള്ളൂ. ബാണാസുര ഷട്ടര്‍ ഉയര്‍ത്തിയത് കലക്ടര്‍ പോലും അറിഞ്ഞില്ല
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഉയര്‍ത്തിയതാണു വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്. എല്ലാ മഴക്കാലത്തും വെള്ളക്കെട്ടുണ്ടാകുന്ന പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകള്‍ ബാണാസുരയില്‍ നിന്നുള്ള വെള്ളം കുതിച്ചൊഴുകിയെത്തിയതോടെ പ്രളയത്തിലായി. ഒട്ടേറെ വീടുകളും റോഡുകളും തകര്‍ന്നു. പലരും ഇരുനില വീടുകളില്‍ കയറിയാണു രക്ഷപ്പെട്ടത്.
ദുരന്തനിവാരണ അതോറിറ്റിയുടെ വാട്സാപ് ഗ്രൂപ്പില്‍ വിവരം അറിയിച്ചിരുന്നുവെന്നാണു കെഎസ്ഇബി അധികൃതരുടെ വിശദീകരണം. ഒറ്റദിവസം തന്നെ റിസര്‍വോയറില്‍ 562 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. സംഭരണശേഷിയുടെ 10% വെള്ളമാണ് ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത്. വൃഷ്ടിപ്രദേശത്ത് ഒട്ടറെ ഉരുള്‍പൊട്ടലുകള്‍ കൂടി സംഭവിച്ചതോടെ കണക്കാക്കിയതിലപ്പുറം വെള്ളം എത്തിയെന്നും കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.മനോഹരന് പറഞ്ഞു.
അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടാന്‍ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗരേഖയുണ്ട്. മുല്ലപ്പെരിയാര്‍, ഇടുക്കി ഒഴികെയുള്ള അണക്കെട്ടുകള്‍ തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ മേധാവിയായ കലക്ടറുടെ അനുമതി വേണം. അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് സാഹചര്യവും ആവശ്യവും അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കേണ്ടത്. ജില്ലാ പൊലീസ് മേധാവിയെയും വിവരമറിയിക്കണം. വൈദ്യുതി, ജലസേചന വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകളുടെ ചുമതല അസി. എക്സി. എന്‍ജിനീയര്‍, എക്സി. എന്‍ജിനീയര്‍ എന്നിവര്‍ക്കാണ്.
തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകളിലെ ഷട്ടര്‍ തുറക്കുന്ന വിവരം യഥാസമയം അറിയാതെ പോയതു കെടുതിക്ക് ഇടയാക്കി. ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പു മാത്രമാണു തമിഴ്നാട് ഇക്കാര്യം പുറത്തുവിട്ടത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ജനത്തെ വിവരമറിയിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. പറമ്പിക്കുളത്തെയും അപ്പര്‍ ഷോളയാറിലെയും വെള്ളം എത്തിയതോടെ പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞു. ചാലക്കുടിപ്പുഴ കരകവിഞ്ഞു ചാലക്കുടി നഗരമടക്കം വെള്ളത്തിലായി.
മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറക്കാന്‍ അനുമതി നല്കേണ്ടതു സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ്. ഇടുക്കി അണക്കെട്ട് തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ്. റവന്യു, ആഭ്യന്തരം, ധനം, ആരോഗ്യ വകുപ്പുകളുടെ മേധാവികളാണ് സമിതിയിലുള്ളത്.
Discussion about this post