ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്
അപകടത്തില്‍ മരിച്ചു. എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ട്രെയിനില്‍നിന്ന് വീണാണ് മരണം. 80 വയസ്സായിരുന്നു. അദ്ദേഹം ഗുജറാത്തില്‍ നിന്ന് മടങ്ങുകയായിരുന്നു. വെളുപ്പിന് അഞ്ചരയ്ക്കായിരുന്നു അപകടം നടന്നത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഓര്‍ത്തഡോക്സ് സഭയുടെ മുതിര്‍ന്ന മെത്രാപ്പൊലീത്തയായിരുന്നു തോമസ് മാര്‍ അത്തനാസിയോസ്. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം വളരെയധികം പ്രവര്‍ത്തിച്ചിരുന്നു. 1938 ഏപ്രില്‍ മൂന്നിനായിരുന്നു അദ്ദേഹം ജനിച്ചത്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ കെ. ടി. തോമസിന്റെയും കോഴഞ്ചേരി തേവര്‍വേലില്‍ തെള്ളിരേത്ത് ഏലിയാമ്മയുടെയും മകനായിരുന്നു അദ്ദേഹം. കാലംചെയ്ത പുത്തന്‍കാവ് കൊച്ചുതിരുമേനി എന്ന ഗീവര്‍ഗീസ് മാര്‍ പീലക്സിനോസിന്റെ സഹോദരനായിരുന്നു കെ.ടി.തോമസ്. 1985 മുതല്‍ മെത്രാപ്പൊലീത്തസ്ഥാനം തോമസ് മാര്‍ അത്തനാസിയോസായിരുന്നു അലങ്കരിച്ചിരുന്നത്. അദ്ദേഹം ഒരു അധ്യാപകനും ഒരു സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ കൂടിയായിരുന്നു.
അദ്ദേഹം ആത്മീയ വിഷയങ്ങള്‍ക്കൊപ്പം പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തിന്റെ നിര്‍ദേശങ്ങളെപ്പറ്റിയും എഴുതിയിരുന്നു. ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ മുഖപത്രമായ ബഥേല്‍ പത്രികയിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.
Discussion about this post