പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി യു.എ.ഇ കേരളത്തിന് 700 കോടി രൂപ നല്‍കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യയിലുള്ള യു.എ.ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബെന്ന അറിയിച്ചു. കേരളത്തിന് എന്ത് സഹായമാണ് നല്‍കേണ്ടതെന്നതിനെക്കുറിച്ച് വിലയിരുത്തല്‍ നടന്നതേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി യു.എ.ഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ആ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി ഒരു തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ യു.എ.ഇ 700 കോടി രൂപ ധനസഹായമായി കേരളത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചുവെന്ന് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എ.ഇ അധികൃതര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രം വിദേശ സഹായം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയും യു.എ.ഇ ഭരണാധികാരിയുമായി സംസാരിച്ച ഘട്ടത്തില്‍ എത്രയെങ്കിലും തുക വാഗ്ദാനം ചെയ്തോ എന്ന കാര്യം അംബാസിഡര്‍ വ്യക്തമായി പറയുന്നില്ല.
Discussion about this post