ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകയെ പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തി. സുബര്‍ണാ നോദി എന്ന പത്രപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്. 32 വയസ്സായിരുന്നു. സ്വകാര്യ വാര്‍ത്താചാനലായ ആനന്ദ ടിവിയിലും ജാഗ്രതോ ബംഗ്ലാ ദിനപത്രത്തിലും ഇവര്‍ ലേഖികയായി പ്രവര്‍ത്തിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയായിരുന്നു സുബര്‍ണാ നോദിക്കെതിരെ ആക്രമണമുണ്ടായത്. പാബ്ന ജില്ലയില്‍ രാധാനഗറിലായിരുന്നു സുബര്‍ണയുടെ വീട്. രാത്രി 10.45 ഓടെ മോട്ടോര്‍സൈക്കിളില്‍ എത്തിയ പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം ഇവരെ ആക്രമിച്ചുവെന്ന് അയല്‍വാസികള്‍ അറിയിച്ചു. ബെല്ലടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന സുബര്‍ണയെ ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് പോലീസ് വിവിധ സംഘങ്ങളായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.
സുബര്‍ണ നോദി തന്റെ ഭര്‍ത്താവുമായി പിരിഞ്ഞായിരുന്നു കഴിഞ്ഞിരുന്നത്. ഇവര്‍ വിവാഹമോചനത്തിന് കാത്തിരിക്കുകയായിരുന്നു. ഇവര്‍ക്ക് ഒന്‍പത് വയസ്സുള്ള ഒരു മകളുണ്ട്.
Discussion about this post