കേരളത്തിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ കേസെടുത്തു. ചാലക്കുടി സ്വദേശി എന്‍ആര്‍ ജോസഫ് എന്ന വ്യക്തി ഹൈക്കോടതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോതി ഈ വിഷയത്തില്‍ സ്വമേധയാ കേസ്സെടുത്തിരിക്കുന്നത്.
പ്രളയക്കെടുതിക്കിടയാക്കുന്ന വിധം നിരുത്തരവാദപരമായ രീതിയില്‍ ഡാം തുറന്നുവിട്ടുവെന്നും ദുരന്തം ഒഴിവാക്കാവുന്ന വിധം ഡാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. ഡാമിന്റെ സംഭരണശേഷിയും, ഒന്നിച്ച് വെള്ളം തുറന്നു വിട്ടാലുണ്ടാകുന്ന ദുരന്തവും പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്.
മനുഷ്യ നിര്‍മിതമായ ദുരന്തമാണ് കഴിഞ്ഞുപോയത്. കൃത്യസമയത്ത് ഇടപെടലുണ്ടായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ഒരു ദുരന്തം സംഭവിക്കില്ലായിരുന്നു. വീഴ്ച വരുത്തിയ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമ നടപടികളുണ്ടാവണം. .
കൃത്യ സമയത്ത് ഡാമുകള്‍ തുറന്നുവിടാതിരുന്നത് 400 പേരുടെ മരണത്തിനും 20,000 കോടിയുടെ നാശനഷ്ടത്തിനും ഇടയാക്കിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തത്തിന് കാരണക്കാരായ സര്‍ക്കാറിനെ നഷ്ടപരിഹാരം തീരുമാനിക്കാന്‍ ചുമതലയേല്പിക്കുന്നത് ഫലപ്രദമാകില്ല. കോടതി നിരീക്ഷണത്തിലുള്ള സംവിധാനം തന്നെ ഇതിനു വേണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ജൂണിലും ജൂലൈയിലും ആഗസ്റ്റ് ആദ്യ വാരവും പെയ്ത മഴവെള്ളം ഒഴിവാക്കാതെ ഡാമുകളില്‍ സൂക്ഷിച്ചതാണ് പ്രളയത്തിന് കാരണമായതെന്ന് കത്തില്‍ പറയുന്നു. 42 ഡാമുകളിലെ വെള്ളമാണ് അനിയന്ത്രിതമായി ഒഴുക്കിവിട്ടത്. വീടുകളില്‍നിന്ന് മാറാന്‍ പോലും സമയം ലഭിച്ചില്ല. നാവിക സേനയുടെ ബോട്ടുകള്‍ക്കു പോലും കടക്കാന്‍ കഴിയാത്ത ഒഴുക്കാണ് പലയിടത്തുമുണ്ടായത്. എന്തു കൊണ്ടാണ് അധികൃതര്‍ ജൂലൈ മധ്യത്തില്‍ ഡാമുകള്‍ തുറക്കാതിരുന്നത്. എല്ലാ വെള്ളവും കൂടി തുറന്നു വിട്ടത് ആഗസ്റ്റ് 15നാണ്. ഇത്രയധികം വെള്ളം താങ്ങാന്‍ നദികള്‍ക്കും കനാലുകള്‍ക്കും വയല്പാടങ്ങള്ക്കും കഴിയില്ലെന്ന് സര്‍ക്കാറിന് അറിയാമായിരുന്നുവെന്നും കത്തില്‍ പറയുന്നു.
പ്രളയം സംബന്ധിച്ച് മറ്റൊരു ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പ്രളയംദേശീയ ദുരന്തമായി പ്രഖ്യാപിക്കണെമെന്നാവശ്യപ്പെട്ട ഹര്‍ജിയിലും സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. നേരത്തെ ഈ ഹര്‍ജി പരിഗണിച്ച കോടതി ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുകയുടെ വിനിയോഗത്തെപ്പറ്റി ചോദിച്ചിരുന്നു . പൂഴ്തിവെയ്പ്, നികുതി വെട്ടിപ്പ് എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകണമെന്ന് കോടതി ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post