ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ കാണാതായ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി എവിടെയെന്ന് കണ്ടെത്തി. ഓസ്‌ട്രേലിയയുടെ പെര്‍ത്ത് തീരത്ത് നിന്ന് 3000 കിലോമീറ്റര്‍ അകലെയാണ് വഞ്ചിയെന്ന് കണ്ടെത്തിയിട്ടുണ്ട്. സാറ്റലൈറ്റ് ഫോണുപയോഗിച്ചാണ് വഞ്ചിയെവിടെയാണെന്ന് കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി ഓസ്‌ട്രേലിയന്‍ റസ്‌ക്യൂ കോര്‍ഡിനേറ്റിങ് സംഘത്തിന്റെ കൂടെ ഇന്ത്യന്‍ നാവിക സേനയുമുണ്ട്.
പായ്‌വഞ്ചിയില്‍ ലോകം ചുറ്റുന്ന മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. ഈ മത്സരത്തില്‍ പങ്കെടുക്കവെ അഭിലാഷ് ടോമി അപകടത്തില്‍ പെടുകയായിരുന്നു. വഞ്ചിയുടെ പായ്മരം ഒടിഞ്ഞുവീണ് അഭിലാഷിന്റെ നടുവിന് പരിക്ക് സംഭവിച്ചിട്ടുണ്ട്. നിലവിലെ നിഗമനമനുസരിച്ച് കന്യാകുമാരിയില്‍ നിന്ന് അയ്യായിരത്തി ഇരുപത് കിലോമീറ്റര്‍ ദൂരെയാണ് അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി.
കഴിഞ്ഞ രാത്രിയായിരുന്നു ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകര്‍ക്ക് അഭിലാഷിന്റെ അപകടസന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് സംഘാടകരും ഓസ്‌ട്രേലിയന്‍ റെസ്‌ക്യൂ കോര്‍ഡിനേറ്റിങ് സെന്ററും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് രണ്ടാമതും അഭിലാഷ് സന്ദേശമയച്ചിരുന്നു. താന്‍ സുരക്ഷിതനാണെന്നും നടുവിന് പരിക്കുണ്ടെന്നുമായിരുന്നു സന്ദേശം.
ഇതില്‍ രേഖപ്പെടുത്തിയ സ്ഥാനം ലക്ഷ്യമാക്കി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സംപ്രീതും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഹെലികോപ്റ്ററുകളും നീങ്ങിയിട്ടുണ്ട്. ജൂലൈ ഒന്നിനായിരുന്നു ഫ്രാന്‍സില്‍ നിന്നും കമാന്‍ഡര്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ പങ്കെടുത്തത്. കരയ്ക്ക് അടുക്കാതെയും ആധുനിക വിവരസാങ്കേതിക സൗകര്യങ്ങല്‍ ഉപയോഗിക്കാതെയും പൂര്‍ണ്ണമായും കടലിലൂടെ ലോകം ചുറ്റുക എന്നതാണ് മത്സരം.
Discussion about this post