ഭോപ്പാല്‍: ചെളിയെത്ര വാരിയെറിഞ്ഞാലും അത്രത്തോളം കൂടുതല്‍ താമര(ബിജെപിയുടെ ചിഹ്നം) വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനം സംസാരിക്കാന്‍ കോണ്ഗ്രസിനറിയല്ല. അതാണ് അവര്‍ സര്‍ക്കാരിനെതിരെ ചെളിവാരിയെറിയുന്നത്. ചെളിയെത്ര വാരിയെറിഞ്ഞാലും അത്രത്തോളം കൂടുതല്‍ താമര(ബിജെപിയുടെ ചിഹ്നം) വിരിയും.-മോദി പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപി പ്രവര്‍ത്തകരുടെ ‘കാര്യകര്‍ത്ത മഹാകുംഭ്’ എന്ന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം നേരെ പ്രവര്‍ത്തിക്കാന്‍പോലും അനുവദിച്ചിരുന്നില്ല. കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം ജനം പുറന്തള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചിതലുകളെ പോലെ വോട്ട് ബാങ്ക് രാഷ്ട്രീയം രാഷ്ട്രത്തെ തിന്നുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ നിന്നും രക്ഷിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തിന് പകരം അധികാരം വോട്ട് ബാങ്ക് രാഷ്ട്രീയത്തിലുടെ നേടാന്‍ നോക്കിയവര്‍ മൂലമാണ് രാജ്യത്തിന്റെ വികസനം മന്ദഗതിയില്‍ നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പണ്ഡിറ്റ് ദീന് ദയാല്‍ ഉപാദ്ധ്യായും അദ്ദേഹത്തിന്റെ മൂല്യങ്ങളുമാണ് തങ്ങളുടെ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. പണ്ഡിറ്റ ദീന് ദയാലും, മഹാത്മാ ഗാന്ധിയും, രാം മനോഹര്‍ ലോഹിയയും ഇന്ത്യയുടെ മൂന്ന് അമരക്കാരായ പ്രതിഭകളാണെന്നും മോദി അഭിപ്രായപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ ബി.ജെ.പിയിലൂടെ തങ്ങള്‍ക്ക് രാജ്യത്തെ സേവിക്കാനായത് ഭാഗ്യമാണെന്നും മോദി പറഞ്ഞു. ബി.ജെ.പിയായിരിക്കും “എകാത്മ മാനവവാദി” എന്നറിയപ്പെടുന്ന ഏക പാര്‍ട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാവരെയും കൂടെ നിര്‍ത്തിയുള്ള വികസനം എന്നുള്ളത് ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമല്ല മറിച്ച് തങ്ങളെ നയിക്കുന്ന ഒരു തത്ത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കഴിഞ്ഞ കുറച്ച് കൊല്ലങ്ങള്‍ കൊണ്ട് ഞങ്ങള്‍ മധ്യപ്രദേശില്‍ കൊണ്ടുവന്ന വികസനം കോണ്‍ഗ്രസിനും കൊണ്ടുവരാമായിരുന്നു. എന്നാല്‍ അവര്‍ക്ക് അതിന് സാധിക്കാതെ പോയത് അവര്‍ അധികാരം നിലനിര്‍ത്താന്‍ നോക്കുന്നത് കൊണ്ടായിരുന്നു,’ മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം നോക്കി നടത്താതിരുന്ന കോണ്‍ഗ്രസിന് ശിക്ഷ നല്‍കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ വികസന റിപ്പോര്‍ട്ടുകളില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനം വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേല്‍ ജാതി, കീഴ്ജാതി എന്ന വിവേചനമില്ലാതെയാണ് ബി.ജെ.പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ അവസ്ഥ വിലയിരുത്തണമെന്നും മോദി അഭിപ്രായപ്പെട്ടു. 1984ല്‍ ബി.ജെ.പി പരാജയപ്പെട്ടപ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റം പറയുന്നതിന് പകരം പാര്‍ട്ടി മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചതെന്ന് മോദി വിശദീകരിച്ചു.
ഇത് കൂടാതെ മുത്തലാഖ് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടിനെ മോദി വിമര്‍ശിച്ചു. ഒരു സ്ത്രീ അധ്യക്ഷയായിരുന്ന പ്രതിപക്ഷ പാര്‍ട്ടി മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്ത്തിച്ചില്ലായെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സ്ത്രീ ആയാലും മുസ്ലീം സ്ത്രീ ആയാലും അവര്‍ക്ക് തുല്യ അവകാശങ്ങള്‍ ലഭിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ സഖ്യം രൂപീകരിക്കാനാകാത്ത കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയുടെ പുറത്ത് ചെന്ന് സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഈ പാര്‍ട്ടി രാജ്യത്തിന് ഒരു ബാധ്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post