ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധിച്ചു. തൊഴിലാളികളെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമം ഏറ്റുമുട്ടലില്‍ കലാശിച്ചു.
സെപ്റ്റംബര്‍ 12 മുതല്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികള്‍ സമരത്തിലായിരുന്നു. ശമ്പളവും ആനുകൂല്യങ്ങളും തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിന് പുറമെ തസ്തികകള്‍ സ്ഥിരപ്പെടുത്തുക, ആരോഗ്യ പരിരക്ഷകള്‍ തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
ലക്ഷ്മിനഗര്‍, ഗീത കോളനി, ശകര്‍പുര്‍, ലക്ക്മിനഗര്, കൃഷ്ണ നഗര്‍, മയൂര്‍ വിഹാര്‍ എന്നിവിടങ്ങളിലാണ് സമരം ശക്തമായി തുടരുന്നത്. സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി നേതാക്കള്‍ സാമൂഹ്യക്ഷേമമന്ത്രി രാജേന്ദ്ര പാല് ഗൗതമിന്റെ നേതൃത്വത്തില്‍ കെജ്രിവാളുമായി ചര്‍ച്ചയും നടത്തിയിരുന്നു.
സമരത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് കെജ്രിവാളിന്റെ വാദം. ശമ്പളം ലഭിക്കുന്നതിനു വേണ്ടി രണ്ടു മാസം കൂടുമ്പോള്‍ സമരം ചെയ്യേണ്ട സ്ഥിതിയിലാണ് അവരെന്നും അദ്ദേഹം പറയുന്നു.
Discussion about this post