ന്യൂനമര്‍ദ്ദ ഭീഷണിയില്‍ സംസ്ഥാനത്ത് ജാഗ്രതയും മുന്നൊരുക്കങ്ങളും തുടരുന്നു. കൂടുതല്‍ ഡാമുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകള്‍ ഉച്ചക്ക് തുറക്കുന്നതായിരിക്കും. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്യും. അതേസമയം പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പമ്പയ്ക്ക് പുറമെ പെരിയാര്‍, മുതിരപ്പുഴയാര്‍, തൊടുപുഴയാര്‍ തീരങ്ങളിലും ജാഗ്രത പാലിക്കണം.
പത്തനംതിട്ടയിലും മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മിക്കപ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്. മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ മുപ്പതു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. കല്‍പ്പാത്തിയുടെയും ഭാരതപ്പുഴയുടെയും ഓരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
ആവശ്യമെങ്കില്‍ ഇടുക്കി അണക്കെട്ട് തുറക്കാമെന്ന് കെ.എസ്.ഇ.ബി. രണ്ടുദിവസത്തെ നീരൊഴുക്ക് വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക. ഇടുക്കിയില്‍ സ്ഥിതി നിരീക്ഷിച്ചുവരികയാണ് വിദഗ്ദ്ധര്‍.
അതേസമയം അറേബ്യന്‍ സമുദ്രത്തിലും ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത ബുധനാഴ്ചവരെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Discussion about this post