നടി കെ.പി.എ.സി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ലളിതയുടെ പരാമര്‍ശനം തികച്ചും സ്ത്രീവിരുദ്ധത നിറഞ്ഞ ഒന്നാണെന്ന് അവര്‍ വിമര്‍ശിച്ചു. ഇത് പീഡനത്തെ ലഘൂകരിക്കാനുള്ള ശ്രമമാണെന്നും ഇത് അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു.
നടന്‍ സിദ്ദീഖിനൊപ്പം ഇന്നലെ കെ.പി.എ.സി ലളിത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. സംഘടനയില്‍ നിന്നും രാജിവെച്ചവര്‍ ക്ഷമാപണം നടത്തിയാല്‍ തിരിച്ചെത്താമെന്നും വെറുതെ പ്രക്ഷോഭം ഉണ്ടാക്കരുതെന്നും ഇന്നലെ അവര്‍ പറഞ്ഞിരുന്നു. മറ്റുളളവര്‍ക്ക് ചിരിക്കാന്‍ അവസരം നല്‍കുകയാണ് ആരോപണം ഉന്നയിക്കുന്നവരെന്നും അവര്‍ പറഞ്ഞു. പറഞ്ഞ് തീര്‍ക്കാവുന്ന കാര്യങ്ങളെ ‘അമ്മ’യിലുളളൂവെന്നും ലളിത വ്യക്തമാക്കിയിരുന്നു.
‘വെറുതെ പ്രക്ഷോഭം ഉണ്ടാക്കുകയാണ്. എല്ലാ മേഖലയിലും പീഡനമുണ്ട്. പണ്ടൊക്കെ സഹിക്കുകയേ മാര്‍ഗമുണ്ടായിരുന്നുളളൂ. ഇന്നത് പറയാന്‍ ധൈര്യവും ഇടവുമുണ്ട്. പീഡനശ്രമം ഉണ്ടായാല്‍ ഉടന്‍ പ്രതികരിക്കണം. 10-15 വര്‍ഷം കഴിഞ്ഞിട്ട് എവിടെയെങ്കിലും പോയി പറഞ്ഞിട്ട് കാര്യമില്ല,’ കെ.പി.എ.സി ലളിത പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കേണ്ട ‘അമ്മ’ നേതൃത്വം രംഗം വഷളാക്കുന്നുവെന്ന് ജോസഫൈന്‍ ആരോപിച്ചു. മാപ്പ് പറയേണ്ടത് ഡബ്ല്യു.സി.സിയിലെ അംഗങ്ങളല്ലെന്നും ജോസഫൈന്‍ പറഞ്ഞു.
Discussion about this post