കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പുറകേ പരിയാരത്ത് സ്വാശ്രയ രീതിയില്‍ പ്രവേശനം നടത്താന്‍ അനുമതി. പരിയാരം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ തിരുവനന്തപുരത്ത് ആരോഗ്യ, സഹകരണ വകുപ്പ് സെക്രട്ടറിമാരില്‍ നിന്നാണ് ഇത്തവണയും സാശ്രയരീതിയില് പ്രവേശനം നടത്താന്‍ അനുമതി നേടിയത്.
ഇന്നലെ കണ്ണൂര്‍ ജില്ല ജനസമ്പര്‍ക്ക വേദിയിലാണ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഇതിന് തൊട്ടുപിറകയാണ് പരിയാരം മെഡിക്കല്‍ കോളേജ് ഡയറക്ടറുടെ നടപടി. നൂറുസീറ്റില്‍ 35 മാനേജ്മെന്റ് സീറ്റിലും 15 എന്‍ആര്‍ഐ സീറ്റിലും സ്വശ്രയരീതിയില് പ്രവേശനം നടത്താനാണ് അനുമതി. ബാക്കിയുള്ള 50 മെറിറ്റ് സീറ്റിലേക്ക് പ്രവേശനം നേടുന്നവരും സര്‍ക്കാര്‍ കോളജില്‍ നിന്ന് ഈടാക്കുന്നതിന്റെ അഞ്ചിരട്ടി ഫീസ് നല്‍കേണ്ടി വരും.
പരിയാരം മെഡിക്കല്‍ കോളജിലെ പിജി സീറ്റിലും ഇത്തവണ സ്വാശ്രയ രീതിയില്‍ തന്നെയാണ് പ്രവേശനം നടത്തിയത്. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം സ്വാശ്രയരീതിയില്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയതിനെതിരെ ആക്ഷേപം ശക്തമായി. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നതിനതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ ശക്തമായ പ്രതിഷേധമുണ്ട്.
Discussion about this post