പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നിരീശ്വരവാദം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസത്തിന്റെ സംരക്ഷണത്തിന് വേണ്ടി എന്‍.എസ്.എസ് ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന് പിണറായി വിജയന്റെ അനുവാദം വേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിജയദശമി നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
മുഖ്യമന്ത്രി പിണറായി വിജയന് കുടുംബസമേതം ഗള്‍ഫില്‍ പോയതിനെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ശേഷമാണ് അദ്ദേഹം കുടുംബസമേതം ഗള്‍ഫിലേക്ക് പോയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിന് മുമ്പ് സുപ്രീം കോടതി പുറപ്പെടുവിച്ച നിരവധി വിധികള്‍ നടപ്പാക്കാത്ത സര്‍ക്കാരാണ് ശബരിമല വിധി നടപ്പാക്കാന്‍ ധൃതി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ എന്‍.എസ്.എസ് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും എന്‍.എസ്.എസിന് ലാഭേച്ഛയില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമെന്നതു സംസ്കാരത്തിന്റെ ഭാഗമാണെന്നും ജനിച്ച് 28ാം നാള് അമ്മ ചെവിയില്‍ ഓതി തന്നതാണു തന്റെ സംസ്കാരമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post