പൊതുവേദിയില്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ ന്യായീകരിച്ച് സി.ദിവാകരന് എം.എല്‍.എ നടത്തിയ പ്രസംഗത്തിനിടെ സദസ്സില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. സന്നിധാനത്ത് യുവതി പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ചിലര്‍ സര്‍ക്കാരിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ജനം ഒപ്പം നില്‍ക്കണമെന്നും ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ വരുകാലത്തും ഈ സര്‍ക്കാരിനെ നിലനിര്‍ത്തണമെന്നും സി.ദിവാകരന് പറഞ്ഞു.
ഈ വേളയിലാണ് സദസ്സിലുള്ള ഒരാള്‍ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി വന്നത്. ഹിന്ദുക്കള്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ആചാരങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്ന വിധത്തിലാണ് എം.എല്‍.എ സംസാരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വേദിയിലിരുന്ന പഞ്ചായത്തംഗങ്ങളുടെ അടുത്തെത്തിയ ഇയാള്‍ ഈ പ്രസംഗം കേട്ടിരിക്കാന്‍ നാണമില്ലേയെന്ന് സദസ്സിലുള്ളവരോട് ചോദിച്ചു. തുടര്‍ന്ന് ഇയാള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ശേഷം സദസ്സിലുണ്ടായിരുന്ന മറ്റ് പലരും ഇറങ്ങിപ്പോവുകയായിരുന്നു.
ഇതിന് ശേഷം മറ്റുള്ളവരുടെ പ്രസംഗം ഒഴിവാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post