ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ നന്ദാവനത്തിലുള്ള ഫ്ലാറ്റില്‍ നിന്നാണ് രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നെത്തിയ പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഈശ്വര്‍ എറണാകുളത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ കൈ മുറിച്ച് രക്തം വീഴ്ത്തി നട അടപ്പിക്കാന്‍ ചിലര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇത് കലാപത്തിനുള്ള ശ്രമമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആരോപിച്ചിരുന്നു.
എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും രക്തം വീഴ്ത്താന്‍ പദ്ധതിയിട്ടവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം നവംബര്‍ അഞ്ചാം തീയ്യതി നട ശബരിമലയില്‍ നട തുറക്കുന്നതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പദ്ധതിയുണ്ടെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.
ഇതിന് മുമ്പ് തുലാമാസ പൂജയ്ക്ക് വേണ്ടി ശബരിമല നട തുറന്ന വേളയില്‍ പമ്പയില്‍ വെച്ച് രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രാഹുലിനെ വിട്ടയക്കുകയായിരുന്നു.
Discussion about this post