ശബരിമല വനഭൂമിയില്‍ നടത്തിവരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉന്നതാധികാര സമിതിയുടെ സെക്രട്ടറി അമര്‍നാഥ് ഷെട്ടിയാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ചുകൊണ്ടാണ് ശബരിമലയില്‍ നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് സമിതി കണ്ടെത്തി. കഴിഞ്ഞയാഴ്ചയായിരുന്നു ഉന്നതാധികാര സമിതി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ശബരിമലയില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പല പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാക്കുമെന്നും സമിതി നിരീക്ഷിച്ചു.
അടിസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായ കുടിവെള്ള വിതരണം, ശൗചാലയ നിര്‍മ്മാണം തുടങ്ങിയവ മാത്രമെ അനുവദിക്കാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പമ്പയില്‍ പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നത് തടയണമെന്നും അവിടെ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി അന്തിമ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായതിന് ശേഷം മാത്രം നിര്‍മ്മാണം ആരംഭിച്ചാല്‍ മതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Discussion about this post