ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്. ഇതിന്റെ തെളിവ് മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് ആചാരലംഘനം നടത്താന്‍ വേണ്ടി മുഖ്യമന്ത്രി കരുതിക്കൂട്ടി തൃപ്തിയെ വിളിച്ചു വരുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടേയും ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആചാരങ്ങള്‍ ലംഘിക്കാന്‍ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ ബി.ജെ.പി ഒരു കാരണവശാലും സമ്മിതിക്കില്ലെന്നും ഭക്തര്‍ക്ക് എല്ലാ വിധ സഹായവും ബി.ജെ.പി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് തൃപ്തി ദേശായി വന്നിരിക്കുന്നതെന്നും അവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള തൃപ്തി ദേശായിയും സംഘവും പുറത്തിറങ്ങാനാവാതെ വിമാനത്താവളത്തില്‍ തന്നെയാണിരിക്കുന്നത്. വിമാനത്താവളത്തിന്റെ പുറത്ത് ഭക്തജനങ്ങള്‍ നാമജപം നടത്തുന്നുണ്ട്. ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എന്‍ ഗോപിയും മറ്റ് ബി.ജെ.പി നേതാക്കളും പ്രദേശത്തുണ്ട്. തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് മാറ്റാന്‍ ടാക്സി ഡ്രൈവര്‍മാര്‍ വിസമ്മതിച്ചിട്ടുണ്ട്.
Discussion about this post