ജമ്മു കാശ്മീർ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിനു 71.1% പോളിങ്ങ് നടന്നു. അതികഠിനമായ ശൈത്യവും ശീതക്കാറ്റും വകവയ്ക്കാതെയാണ് പോളിങ്ങ് ബൂത്തുകളിലേക്ക് ഇത്രയും ജനങ്ങൾ ഒഴുകിയെത്തിയത്.
ജമ്മു ഡിവിഷനിൽ 80.4%വും കാശ്മീർ ഡീവിഷനിൽ 52.2% വും പോളിങ്ങ് നടന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കാശ്മീരിൽ 64.5%വും ജമ്മുവിൽ 79.4%വും പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു.
വടക്കൻ കാശ്മീരിലെ കുപ്വാരയിൽ 69.7% പോളിങ്ങ് നടന്നു. ഇവിടെയാണ് കാശ്മീർ ഭാഗത്തെ ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. കാർഗിലിൽ 66.5%വും ലേഹ് പ്രദേശത്ത്66.3%വും പോളിങ്ങ് നടന്നു.
കനത്ത മഞ്ഞിലൂടെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം നടന്നു പോയാണ് സമുദ്രനിരപ്പിൽ നിന്ന് 4850 അടി ഉയരത്തിലുള്ള ലിങ്സെഡ് പോലെയുള്ള പ്രദേശത്ത് തിരഞ്ഞെടുപ്പ് സൗകര്യങ്ങളൊരുക്കിയത്.
Discussion about this post