ശബരിമല വിഷയത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തെക്കന്‍ കേരളത്തില്‍ സിപിഎമ്മിന് തിരിച്ചടി. പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം, ആലപ്പുഴ ഇടുക്കി, ജില്ലകളില്‍ നടന് ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനും ഇടത് മുന്നണിയ്ക്ക് തിരിച്ചടിയേറ്റു. അതേസമയം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും സിപിഎം നേട്ടമുണ്ടാക്കി.
തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനാണ് നേട്ടം. സംസ്ഥാനത്തെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 21 സീറ്റും ഇടത് മുന്നണി സ്വന്തമാക്കി. 12 സീറ്റ് യുഡിഎഫും രണ്ടു സീറ്റ് വീതം ബിജെപിയും എസ്ഡിപിഐയും നേടിയിട്ടുണ്ട്. ആറ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍, നാല് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎം പരാജയപ്പെട്ടു. പന്തളത്തും പത്തനംതിട്ടയിലുമാണ് സിപിഎം തോറ്റത്. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് വിമതനാണ് സിപിഎമ്മിനെ തറപറ്റിച്ചത്. സിപിഎം ഇവിടെ മൂന്നാംസ്ഥാനത്താണ്. പന്തളം പത്താം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എംആര്‍ ഹസീന വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ഇത്.
ഇടുക്കി കുടയത്തൂര്‍ പഞ്ചായത്തിലെ കൈപ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയെ അട്ടിമറിച്ചു സിപിഐ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു. സിപിഐയിലെ പി.കെ. ശശി 73 വോട്ടുകള്‍ക്കു സിപിഎമ്മിലെ രാജന് പുന്നപ്പാറയെ പരാജയപ്പെടുത്തിയത്. ഇവിടെ സിപിഎം. സിപിഎമ്മിന്റെ സീറ്റായിരുന്നു ഇത്. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിനാണു ഭൂരിപക്ഷം. അടിമാലി പഞ്ചായത്തിലെ തലമാലി വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സഥാനാര്‍ഥി മഞ്ജു ബിജു 133 വോട്ടിന് സിപിഎമ്മിലെ സ്മിത മുനിസ്വാമിയെ പരാജയപ്പെടുത്തി. കൊന്നത്തടി പഞ്ചായത്തിലെ മുനിയറ നോര്‍ത്ത് വാര്‍ഡ് സിപിഎമ്മില്‍നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു. 194 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിനോയ് മാത്യു, സിപിഎമ്മിലെ സുധീഷ് ജോബിയെ പരാജയപ്പെടുത്തി.
ആലപ്പുഴയില്‍ രണ്ട് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി മുന്നേറി. സിപിഎം- 1, കോണ്‍ഗ്രസ് – 1, എസ്ഡിപിഐ – 1 എന്നിങ്ങനെയാണ് ജില്ലയിലെ കക്ഷി നില. തകഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, കാവാലം 10-ാം വാര്‍ഡ് എന്നിവയാണു ബിജെപി ജയിച്ചത്. രണ്ടിടത്തും കോണ്‍ഗ്രസില്‍നിന്നു സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. തകഴി 11–ാം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. പുന്നപ്ര തെക്ക് എസ്ഡിപിഐ നിലനിര്‍ത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ സീറ്റ് നിലനിര്‍ത്താനായത് സിപിഎമ്മിന് ആശ്വാസമായി.
കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്ത് കുന്നിക്കോട് നോര്‍ത്ത് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. 146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു യുഡിഎഫിലെ ലീനാ റാണി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബി.റജീനയെ പരാജയപ്പെടുത്തിയത്. 28 വര്‍ഷമായി എല്‍ഡിഎഫ് കൈവശം വച്ചിരിക്കുന്ന വാര്‍ഡായിരുന്നു ഇത്. തിരുവനന്തപുരത്ത് കോര്പ്പറേഷന് വാര്‍ഡിലും സിപിഎമ്മിനെ തോല്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കൊല്ലം വിളക്കുകുടി ഗ്രാമപഞ്ചായത്തു വാര്‍ഡിലും യുഡിഎഫ് വിജയിച്ചു. തൃപ്പൂണിത്തുറ നഗരസഭ 49 വാര്‍ഡിലെ (മാരംകുളങ്ങര) ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.ജെ. ജോഷി വിജയിച്ചു.
വയനാട് ബത്തേരി നഗരസഭയിലെ കരിവള്ളിക്കുന്ന് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ റിനു ജോണ്‍ 51 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കണ്ണൂര്‍ ജില്ലയിലെ നാലു തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടു സീറ്റുകള്‍ എല്‍ഡിഎഫും രണ്ടു സീറ്റുകള്‍ യുഡിഎഫും നിലനിര്‍ത്തി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്ത് വയല്‍ ഡിവിഷന് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ പി.പ്രസീതയാണ് വിജയിച്ചത്. ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ സി.കെ. മഹ്റൂഫ് വിജയിച്ചു.
പന്ന്യന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ സുലാഹ ഷംസൂദ്ദീനാണു വിജയിച്ചത്. നടുവില്‍ പഞ്ചായത്തിലെ അറക്കല്‍ താഴെ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ കെ.മുഹമ്മദ് കുഞ്ഞി വിജയിച്ചു.
കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി ഡിവിഷന് എല്‍ഡിഎഫ് നിലനിര്‍ത്തി. എന്‍സിപി സ്ഥാനാര്‍ഥി കിഴക്കയില്‍ ബാലന് 1,212 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ അസീസ് ഫൈസിയെ തോല്പിച്ചത്.
തൃശൂര്‍ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന അഞ്ച് വാര്‍ഡുകളിലും എല്‍ഡിഎഫിനു വിജയം. ഇതില്‍ ഒരെണ്ണം ബിജെപിയില്‍നിന്നു തിരിച്ചു പിടിച്ചു. ബാക്കിയെല്ലാം നിലനിര്‍ത്തി. ഇരിങ്ങാലക്കുട നഗരസഭ രണ്ടാം വാര്‍ഡില്‍ കെ.എ.കൃഷ്ണകുമാര്‍ (85 വോട്ട്), പറപ്പൂക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പി.ജെ.സിബി (161 വോട്ട്), ചേലക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഗിരീഷ് പറങ്ങോടന് (121 വോട്ട്), വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് 14ാം വാര്‍ഡില്‍ പി.നിര്‍മലാദേവി (343 വോട്ട്), കടവല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ രാജന് (149 വോട്ട്) എന്നിവരാണ് വിജയിച്ചത്.
Discussion about this post