ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെന്‍കുമാറിനും പങ്കുണ്ടെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍. നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെന്‍കുമാറിനും പങ്കുണ്ടെന്നു കാണിച്ച് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. തനിക്കെതിരെ സര്‍ക്കാര്‍ ചുമത്തിയ കള്ളക്കേസുകള്‍ തള്ളിപ്പോയതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് പാപ്പരത്വമാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് സെന്‍കുമാര്‍ നമ്പി നാരായണനെതിരായ കേസില്‍ തെറ്റായ ഇടപെടല്‍ നടത്തിയെന്ന് കാണിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സെന്‍കുമാര്‍ കോടതിയെ സമീപിക്കുന്നത്.
ഐ.എസ്.ആര്‍.ഓ ചാരക്കേസ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം താന്‍ ഏറ്റെടുത്തിരുന്നുവെന്നും എന്നാല്‍ കാര്യമായ അന്വേഷണം തുടങ്ങും മുന്‍പ് തന്നെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഫയലുകള്‍ മടക്കി നല്‍കുകയായിരുന്നുവെന്ന് സെന്‍കുമാര്‍ പറഞ്ഞു. കേസില്‍ താന്‍ കുറ്റക്കാരനാണെങ്കില്‍ ഒന്നാം പ്രതിയാകുക ഇ.കെ.നായനാര്‍ സര്‍ക്കാരായിരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണന്‍ താനനുഭവിച്ച പീഡനങ്ങളെപ്പറ്റി എഴുതിയ പുസ്തകമായ ‘ഓര്‍മകളുടെ ഭ്രമണപഥ’ത്തില്‍ പോലും തന്റെ പേരില്ലായെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.
Discussion about this post