കേരളത്തിലെ ജനപ്രതിനിധികള്‍ക്കടിയില്‍ ഏറ്റവുമധികം കേസുകളുള്ളത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. 24 കേസുകളാണ് സുരേന്ദ്രനെതിരെയുള്ളത്. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
കേരളത്തിലെ ജനപ്രതിനിധികള്‍ക്കെതിരെ മൊത്തത്തില്‍ 312 കേസുകളാണുള്ളത്. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എക്കെതിരെ 15 കേസുകളും ആന്‍ണി ജോണ്‍ എം.എല്‍.എക്കെതിരെ 18 കേസുകളുമാണുള്ളത്. അതേസമയം എ.എന്‍.ഷംസീര്‍ എം.എല്‍.എക്കെതിരെ 15 കേസുകളുമുണ്ട്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നം ആജീവനാന്തം വിലക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാദ്ധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
കേസുകള്‍ സെഷന്‍സ് കോടതിക്കും മജിസ്‌ട്രേറ്റ് കോടതികള്‍ക്കുമായി വീതിച്ച് നല്‍കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രത്യേക പരിഗണന നല്‍കി കേസ് അവസാനിപ്പിക്കാനും കോടതി പറഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഈ കാര്യത്തെപ്പറ്റി ഡിസംബര്‍ 14നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട് സുപ്രീം കോടതി.
ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി 12 പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി നേരിട്ട് ഇടപെട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. രാജ്യത്ത് മൊത്തത്തില്‍ ജനപ്രതിനിധികള്‍ക്കെതിരെ 4,122 കേസുകളാണുള്ളത്.
Discussion about this post