ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) ഇളവ് വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിത്യോപയോഗ സാധനങ്ങളിലെ 99 ശതമാനം സാധനങ്ങള്‍ക്കും ചരക്ക് സേവന നികുതി നിരക്ക് 18 ശതമാനത്തില്‍ താഴേയാക്കുമെന്ന് മോദി വ്യക്തമാക്കി. ജി.എസ്.ടിയെ സംരംഭകസൗഹൃദനികുതിയായി മാറ്റുകയാണ് ഉദ്ദേശ്യം. മുംബൈയില്‍ ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി സംവിധാനം രാജ്യത്തെമ്പാടും ഏറെക്കുറെ നിലവില്‍ വന്നുകഴിഞ്ഞുവെന്നും ജി.എസ്.ടി വന്നതിന് ശേഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും മോദി ചൂണ്ടിക്കാട്ടി. ജി.എസ്.ടി. വരുംമുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. ഇതില്‍ 55 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഏതാനും ആഡംബരവസ്തുക്കള്‍ക്ക് മാത്രം ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി നിരക്കായ 18 ശതമാനം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ പദ്ധതി. ജി.എസ്.ടി വന്നത് മൂലം വിപണിയിലെ പല വൈരുധ്യങ്ങള്‍ നീങ്ങുകയും കാര്യക്ഷമത വര്‍ധിക്കുകയും ചെയ്തു. അഴിമതി തുടച്ച് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി വ്യക്തമാക്കി.
അതേസമയം സിഖ് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് തടവ് ശിക്ഷ ലഭിച്ചതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. സിഖ് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കോണ്ഗ്രസ്സുകാര് ശിക്ഷിക്കപ്പെടുമെന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരും തന്നെ ചിന്തിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post