ഇന്നലെ രാവിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ‘മനിതി’ സംഘടനയിലെ യുവതികളെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഭക്തജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് പിന്തിരിഞ്ഞോടിയത് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതേപ്പറ്റി പിന്തിരിഞ്ഞോടിയ പോലീസുകാരോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.
നൂറ് കണക്കിന് ഭക്തജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസും ‘മനിതി’ പ്രവര്‍ത്തകരും പമ്പയിലെ ഗാര്‍ഡ് റൂമിന്റെ ഭാഗത്തേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് യുവതികളെ പോലീസ് നിലയ്ക്കലിലേക്ക് മാറ്റുകയായിരുന്നു.
പമ്പയില്‍ നിന്നും 200 മീറ്റര്‍ മാത്രമായിരുന്നു യുവതികള്‍ക്ക് മുന്നോട്ട് പോകാനായത്. പമ്പയില്‍ പ്രതിഷേധം നടത്തിയ മുപ്പതോളം ഭക്തജനങ്ങളെ പോലീസ് പിടിച്ച് മാറ്റുകയായിരുന്നു. ഇതിന് ശേഷമായിരുന്നു യുവതികളെ കയറ്റാന്‍ പോലീസ് ശ്രമിച്ചത്.
നിലയ്ക്കലില്‍ നിന്നും യുവതികളുടെ സംഘത്തെ പോലീസ് ചെന്നൈയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. തങ്ങളെ പോലീസ് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് യുവതികള്‍ ആരോപിച്ചെങ്കിലും പോലീസ് ഈ ആരോപണം തള്ളികളയുകയായിരുന്നു.
Discussion about this post