നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായഹസ്തവുമായി എംപി സുരേഷ് ഗോപി . വീട് പണയം വച്ച് വനിത വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് സുരേഷ്ഗോപി ഉറപ്പ് നല്കി.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സനലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. വിജിയുടെ കുടുംബത്തിന് തന്നാല്‍ കഴിയുന്ന ചെറിയൊരു കൈത്താങ്ങ് മാത്രമാണ് നല്‍കുന്നതെന്ന് സുരേഷ്ഗോപി പറഞ്ഞു. വനിതാ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്പയില്‍ ജപ്തി നടപടികള്‍ ഒഴിവാക്കുന്ന നടപടികള്‍ നാളെത്തന്നെ സ്വീകരിക്കും. എന്നാല്‍ കോര്പ്പറേഷന് പലിശ ഒഴിവാക്കിത്തരണം. സനിലിന്റെ കുടുംബം ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരം ഉപാധികളോടെ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത് അപഹാസ്യമാണ്. സമരം അവസാനിപ്പിക്കാന്‍ ഇന്ന് തന്നെ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ 35 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് സനലിന്റെ കുടുംബം പറയുന്നത്. സനലിന്റെ ഭാര്യ വിജി നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പട്ടിണി സമരം.
Discussion about this post