മുണ്ടക്കയത്ത് നിന്നും ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ജസ്ന എന്ന പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ ക്രൈം ബ്രാഞ്ച് ഊര്‍ജിതമാക്കി. ജസ്നയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അന്വേഷണ സംഘം തിരച്ചില്‍ തുടരുകയാണ്. ജസ്നയുള്പ്പെടുന്നു എന്ന് കരുതപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ മുണ്ടക്കയത്തെ പഞ്ചായത്തംഗങ്ങളുള്പ്പെടെയുള്ളവരെ കാണിച്ച് തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ക്രൈം ബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് നിലവില്‍ കേസന്വേഷിക്കുന്നത്.
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലൂടെ ജസ്നയെന്ന സംശയിക്കുന്ന പെണ്‍കുട്ടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ മുന്‍പ് തന്നെ ക്രൈം ബ്രാഞ്ചിന്റെ പക്കലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് അന്വേഷണ സംഘം കാണിക്കുന്നത്. ഈ ദൃശ്യങ്ങളില്‍ പെണ്‍കുട്ടി നടന്നുപോകുന്നതിനൊപ്പം തന്നെ മറ്റൊരു സ്ത്രീയും ഒരു യുവാവും പരിസരത്ത് കൂടി നടന്ന് പോകുന്നുണ്ട്. കൂടാതെ ഒരു കാര്‍ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളില്‍ കണ്ടവരെയും കാറിന് വേണ്ടിയും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.
ഇതുവരെ ദൃശ്യങ്ങളില്‍ കണ്ടവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കാറിന്റെ നമ്പര്‍ ദൃശ്യത്തില്‍ വ്യക്തമല്ല. 2018 മാര്‍ച്ച് 22ന് പത്തനംതിട്ടയിലെ മുക്കൂട്ടുതറയിലുള്ള വീട്ടില്‍ നിന്നുമായിരുന്നു ജസ്നെയ കാണാതായത്. തുടര്‍ന്ന് പോലീസിന്റെ പക്കല്‍ നിന്നും ക്രൈം ബ്രാഞ്ച് ഒരു മാസം മുന്‍പായിരുന്നു ഏറ്റെടുത്തിരുന്നത്.
Discussion about this post