കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്റെ മരണത്തിനിടയാക്കിയ വെടിവയ്പ്പില്‍ കേരളാ പൊലീസ് ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തി.
അന്യായമായി സംഘംചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കല്‍, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിമാനത്താവളത്തില്‍ ആക്രമണം നടത്തുന്നത് വിമാനം ആക്രമിക്കുന്നതിന് തുല്യമാണെന്നും കടുത്തശിക്ഷ ലഭിക്കാവുന്ന ആന്റി ഹൈജാക്കിംഗ് നിയമപ്രകാരം കേസെടുക്കണമെന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. വിമാന റാഞ്ചല്‍ തടയാനുള്ള നിയമപ്രകാരം കുറ്റം ചുമത്തണമെന്ന് ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി രേഖാമൂലം ഡി.ജി.പിയോട് ആവശ്യപ്പെടും.
കരിപ്പൂരില്‍ ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമാണുണ്ടാക്കിയത്. വിമാനറാഞ്ചല്‍ വിരുദ്ധനിയമത്തിലെ സെക്ഷന്‍എ പ്രകാരം വ്യോമഗതാഗത നിയന്ത്രണ സംവിധാനം ആക്രമിച്ചതിനെതിരെയും സിപ്രകാരം റണ്‍വേ അതിക്രമിച്ചു കടന്നതിനെതിരെയും കേസെടുക്കാം.
മണിക്കൂറുകളോളം വ്യോമഗതാഗത നിയന്ത്രണ സംവിധാനം തടസപ്പെട്ടു. റണ്‍വേയില്‍ വാഹനങ്ങള്‍ നിരത്തിയിട്ട് ഗതാഗതം തടഞ്ഞു. വിമാനത്തിന്റെ ലാന്‍ഡിംഗ് സമയത്ത് റണ്‍വേയില്‍ അന്യവസ്തുക്കള്‍ കാണുന്നത് അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളനുസരിച്ച് ഗുരുതരമായ വീഴ്ചയാണ്. വിമാനത്താവളത്തിന്റെ രാജ്യാന്തര അംഗീകാരം നഷ്ടപ്പെടാന്‍ വരെ ഇതിടയാക്കുമെന്നും വ്യോമയാനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
അതേസമയം തെളിവെടുപ്പിനായി സിഐഎസ്എഫ് ഉന്നതതലസംഘം ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. എഡിജിപി പാച്ച് നന്ദയുടെ സിഐഎസ്എഫ് നേതൃത്വത്തിലുള്ള ഉന്നതതലസംഘമാണ് എത്തുക. കേസില്‍ പ്രതികളെ തിരിച്ചറിയാന്‍ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഏഴ് സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണം സംഘം പരിശോധിക്കുക.
Discussion about this post