ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിലും കേരളത്തില്‍ ജന ജീവിതം ദുസ്സഹമാകുന്നു. ട്രെയിനുകള്‍ തടയില്ലായെന്ന നേതാക്കന്മാരുടെ പ്രസ്താവന പാളുന്ന കാഴ്ചയാണ് കേരളം രണ്ടാം ദിനത്തിലും കാണുന്നത്. തിരുവനന്തപുരത്തും, ചങ്ങനാശ്ശേരിയിലും, കളമശ്ശേരിയിലും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട് എക്സ്പ്രസ് നാല്പത് മിനിറ്റ് വൈകിയാണ് ഓടിയത്. തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. കളമശ്ശേരിയില്‍ കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനാണ് തടയപ്പെട്ടത്.
കണ്ണൂരില്‍ ട്രെയിന്‍ തടയുമെന്ന് സമര നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി സംഘടനകള്‍ വ്യക്തമാക്കുന്നത്. മലപ്പുറത്ത് സ്വകാര്യ ബസുകളും കെ.എസ്.ആര്.ടി.സി ബസുകളും ഓട്ടോറിക്ഷകളും ഓടുന്നില്ല.
കേരളത്തിന് പുറത്ത് ബംഗാളിലും ഒഡീഷയിലും മാത്രമാണ് പണിമുടക്ക് ചലനങ്ങളുണ്ടാക്കുന്നത്. ജോലിക്കെത്തുന്നവരെ തടഞ്ഞാല്‍ കര്‍ശനമായി നേരിടുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.
Discussion about this post