അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ രാമ ജന്മഭൂമി ന്യാസിന്റെ സുപ്രധാന യോഗം ഇന്ന് നടക്കും. ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ ചുമതലപ്പെട്ട വിശ്വ ഹിന്ദു പരിഷത്തിന്റെ ഉന്നതാധികാര സമിതിയാണ് രാമ ജന്മഭൂമി ന്യാസ്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം വൈകരുത് എന്നാണ് വിഎച്ചപിയുടെ നിലാപാടെന്ന് ബിജെപി മുന്‍ എംപിയും ന്യാസിന്റെ മുതിര്‍ന്ന നേതാവുമായ രാം വിലാസ് വേദാന്തി പറഞ്ഞു. ന്യാസിന്റെ ചെയര്മാന് മഹന്ത് നിത്യ ഗോപാല്‍ ദാസിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. വിഎച്ച്പിയുടെ മുന്‍ പ്രസിഡണ്ട് അശോക് സിംഗാളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ പ്രത്യേക സമിതിക്ക് യോഗം രൂപം നല്‍കും.
യോഗം നടക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് അയോധ്യയിലും ഫാസിയാബാദിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ല എന്ന് ചൂണ്ടിക്കാട്ടി രാമക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച ബില്ലിനു രൂപം നല്കാന് സാധിക്കില്ല എന്ന് ബിജെപി ഘടകങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാമക്ഷേത്ര നിര്‍മ്മാണവും ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കുന്നതും സംബന്ധിച്ച് ജനങ്ങള്‍ക്കു നല്കിയ ഉറപ്പു പാലിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് വിഎച്ചിപി നേതൃത്വത്തിന്റെ ആവശ്യം.
Discussion about this post