യോഗ ഒരു വ്യായാമ മുറയാണ്. ശാരീരികാരോഗ്യം നിലനിര്‍ത്താനുള്ള ഇത്തരം പരിശ്രമങ്ങളെ മുസ്ലീം സമുദായം എതിര്‍ക്കുന്നതെന്തിനാണ്? ചോദിക്കുന്നത് മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യോഗ പരിശീലന കേന്ദ്രത്തിലെ പരിശീലകയായ സയിദ് റുബബ് ഫാത്തിമയാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി ഫാത്തിമ മുടങ്ങാതെ യോഗ ചെയ്തു വരുന്നു. യോഗാഭ്യാസം പരിശീലിക്കുന്നതിനാല്‍ ഏകാഗ്രതയോടെ നിസ്ക്കാരം ചെയ്യാന്‍ സാധിക്കുന്നു. ശരീരികാരോഗ്യം നിലനിര്‍ത്താനുള്ള എറ്റവും നല്ല വ്യായാമ മുറയാണ് യോഗയെന്നും അതിന് മതവുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഫാത്തിമയുടെ അഭിപ്രായം. നിസ്ക്കാര സമയത്ത് അല്ലഹുവിനെ മാത്രം സ്മരിക്കണമെന്നാണ് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പലര്‍ക്കും ശരിയായ ഏകാഗ്രത ലഭിക്കാറില്ല. യോഗ ചെയ്യുന്നതിലൂടെ തനിക്ക് ഏകാഗ്രതയോടെ പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ സാധിക്കുന്നുവെന്ന് ഫാത്തിമ പറഞ്ഞു.
യോഗഭ്യാസ സമയത്ത് ഓം എന്നുച്ചരിക്കണമെന്ന് ആരും ആവശ്യപ്പെടാറില്ല. ഈശ്വരനാമം ഉച്ചരിക്കാന്‍ മാത്രമേ പരിശീലകര്‍ ആവശ്യപ്പെടാറുള്ളൂ. ഓം എന്നുരുവിടുമ്പോള്‍ ശരീരത്തില്‍ ഒരു പ്രത്യേക ചലനം അനുഭവപ്പെടുന്നു.അല്ലാഹുവിന് 99 നാമങ്ങളാണുള്ളത്. ഇതില്‍ ഓങ്കാരത്തിനു സമാനമായ നാമമാണ് യോഗ പരിശീലന വേളയില്‍ താന്‍ ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.
യോഗയുമായി ബന്ധപ്പെട്ട മിക്ക പദങ്ങളും സംസ്കൃതമാണ്. സംസ്കൃതഭാഷ ഉപയോഗിക്കുന്നതില്‍ തെറ്റായി എന്തെങ്കിലും ഉണ്ടെന്ന് താന്‍ കരുതുന്നില്ല. ഇതില്‍ എന്തെങ്കിലും പ്രശ്നമുള്ളവര്‍ യോഗാസനങ്ങളുടെ പേര് തങ്ങള്‍ക്ക് സൗകര്യപ്രദമായ ഭാഷയിലേയ്ക്ക് തര്‍ജ്ജിമ ചെയ്താല്‍ മതിയെന്നാണ് ഫാത്തിമയുടെ അഭിപ്രായം.
സ്വന്തമായി ഒരു യോഗ കേന്ദ്രം ആരംഭിക്കണമെന്നും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനുമാണ് ഫാത്തിമയുടെ ആഗ്രഹം.
Discussion about this post