സമൂഹമാദ്ധ്യമങ്ങളില്‍ കൂടി തന്നെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ രണ്ടു വര്‍ഷം മുന്‍പ് പരാതി നല്കിയ പ്രതിപക്ഷ നേതാവിനോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്കി കേരള പോലീസ് . 2017 മാര്‍ച്ച് ഒന്നിന് നല്കിയ പരാതിയ്ക്ക് പോലീസ് മറുപടി നല്കിയതാകട്ടെ 2019 ജനുവരി 14 നും .
പ്രതിപക്ഷ നേതാവിന്റെ പരാതി ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ പരാതിയില്‍ പറയുന്ന ” പോരാളി ഷാജി ,ചെഗുവേരഫാന്സ്.കോം ” എന്നീ ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ പോസ്റ്റുകള്‍ കാണുവാന്‍ ഇല്ലെന്നും പോലീസ് നല്കിയ മറുപടിയില്‍ പറയുന്നു . പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസിനെ എ.ഐ.ജി സുകുമാരപിള്ള ഐപിഎസ് അറിയിച്ചു .
പ്രതിപക്ഷ നേതാവെന്ന പദവിയെ അപമാനിക്കുന്ന രീതിയിലാണ് പോലീസിന്റെ പെരുമാറ്റമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു . മുഖ്യമന്ത്രി , മറ്റു മന്ത്രിമാരെ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുന്ന പോലീസ് പ്രതിപക്ഷ നേതാവിന്റെ പരാതിയെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും . വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവിന്റെ പരാതിയ്ക്ക് മറുപടി നല്‍കുന്നത് ഇതിനുള്ള വ്യക്തമായ തെളിവാണെന്ന് ഓഫീസ് ആരോപിച്ചു . നിയമസഭയിലടക്കം ഈ വിഷയം ഉന്നയിക്കുമെന്ന് ഓഫീസ് അറിയിച്ചു .
Discussion about this post