പട്ന സാഹിബില്‍ നിന്നുള്ള ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ വെട്ടില്‍. ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തിന്റെ റാലിയില്‍ പങ്കെടുത്തതില്‍ പാര്‍ട്ടിയില്‍ നിന്നും വലിയ വിമര്‍ശനമാണ് ശത്രുഘ്നന്‍ സിന്‍ഹ ഏറ്റുവാങ്ങിയത്. ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയേക്കുമെന്നും സൂചനയുണ്ട്. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യാ റാലിയിലായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ പങ്കെടുത്തത്.
മോദിയുടെ കീഴില്‍ രാജ്യത്ത് നിലനില്‍ക്കുന്നത് ഏകാധിപത്യമാണെന്നും രാജ്യത്തിന്റെ ഭരണാധികാരികള്‍ ജനാധിപത്യത്തിനെതിരാണെന്നും ശത്രുഘ്നന്‍ സിന്‍ഹ അഭിപ്രായപ്പെട്ടിരുന്നു. ബംഗാളില്‍ നടന്ന റാലി ജനാധിപത്യത്തെ രക്ഷിക്കാനുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റാലിക്ക് ശേഷം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്ത്തി ശത്രുഘ്നന്‍ സിന്‍ഹ ട്വീറ്റിട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള നേതാക്കന്മാരെ ഒരു കുടക്കീഴില് കൊണ്ടുവരാന്‍ മമത സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എയിംസില്‍ നിന്നും തിരിച്ച് വന്നതിന് ശേഷം ശത്രുഘ്നന്‍ സിന്‍ഹക്കെതിരെ നടപടിയെടുക്കുമെന്ന് ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. എല്ലാ അതിര്‍ത്തിയും കടന്ന് ശത്രുഘ്നന്‍ സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയെതന്നെ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post