സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാരെ അവഗണിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘കൈവല്യ’ വായ്പയുടെ 6,835 അപേക്ഷകളാണ് നിലവില്‍ കെട്ടിക്കിടക്കുന്നത്. ആകെ 631 പേര്‍ക്കു മാത്രമാണ് വായ്പ ലഭിച്ചത്. ഫണ്ടില്ലായെന്ന വാദമാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ശാരീരികപ്രയാസം കാരണം മറ്റുതൊഴില്‍ ലഭിക്കാത്ത 21നും 55നും മധ്യേ പ്രായമുള്ളവരാണ് അപേക്ഷകര്‍.
തൊഴില്‍ വികസന വകുപ്പ് രണ്ടുവര്‍ഷം മുമ്പായിരുന്നു ഈ പദ്ധതി അവതരിപ്പിച്ചത്. പദ്ധതിക്ക് വേണ്ടി അനുവദിക്കുന്ന തുക ഓരോ കൊല്ലവും കുറയുന്നുമുണ്ട്. 2016-17ല്‍ 1,53,50,000 രൂപയും 2017-18ല്‍ 84,97,000 രൂപയും 2018-19ല്‍ 77,00,000 രൂപയുമായിരുന്നു അനുവദിച്ചത്. മൊത്തത്തില്‍ 3,15,47,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ നിന്നും ഒരാള്‍ക്ക് പരമാവധി ലഭിക്കാവുന്ന വായ്പാ തുക 50,000 രൂപയാണ് പ്രതിമാസം 475 രൂപ വീതം അഞ്ചുവര്‍ഷംകൊണ്ട് 25,000 രൂപ ഇവര്‍ തിരിച്ചടച്ചാല്‍ മതി.
സ്വന്തമായി തൊഴിലോ വരുമാനമോ ഇല്ലാതെ കുടുംബത്തെയും മറ്റും ആശ്രയിച്ച് ജീവിക്കുന്നവരാണ് അപേക്ഷകരില്‍ ഭൂരിഭാഗവും. വായ്പവിതരണം നിലച്ചെങ്കിലും പല സ്ഥലത്തും പരിശീലന ക്ലാസുകള്‍ നടക്കുന്നുണ്ട്. ക്ലാസുകളില്‍ എത്താനും അപേക്ഷകള്‍ നല്കാനായും നല്ല തുക ചിലവായിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post