ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ പശ്ചിമബംഗാളില്‍ ഇറക്കാന്‍ വേണ്ട അനുമതി നേടിയിട്ടുണ്ടെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. ഡിവിഷണല്‍ റെയില്‍വെ മാനേജറുടെ (ഡി.ആര്‍.എം) പക്കല്‍ നിന്നും ഇതിന് വേണ്ട അനുമതി ലഭിച്ചുവെന്ന് ഉത്തര്‍ പ്രദേശിലെയും പശ്ചിമബംഗാളിലെയും ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.
ബലൂര്‍ഘട്ട് ജില്ലാ മജിസ്‌ട്രേറ്റ് ഹെലികോപ്റ്റര്‍ ഇറക്കാനുള്ള എന്‍.ഒ.സി നല്‍കുമെന്ന് മുന്‍പ് പറഞ്ഞിരുന്നെങ്കിലും ശനിയാഴ്ച ഇത് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഡി.ആര്‍.എമ്മിന്റെ പക്കല്‍ താന്‍ അനുമതി നേടാനായി ചെന്നുവെന്ന് ബംഗാളിലെ ബി.ജെ.പി നേതാവായ രതിന്‍ ബോസ് പറഞ്ഞു. റെയില്‍വെയുടെ അധികാരത്തില്‍ വരുന്ന സ്ഥലത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കുന്നതിന് എ.ഡി.എമ്മിന്റെയും ചീഫ് എന്‍ജിനീയറിന്റെയും പോലീസിന്റെയും അനുമതി വേണമെന്ന് ഡി.ആര്‍.എം അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആഭ്യന്ത്ര മന്ത്രാലയം നല്‍കിയ ഒരു കത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബി.ജെ.പി വ്യക്തമാക്കി. മിറുവലിലുള്ള ബി.എസ്.എഫ് ക്യാമ്പില്‍ ഹെലിപ്പാഡില്ലെങ്കിലും ഗോവിന്ദ്പൂരിലെ 28 ബറ്റാലിയണ്‍ ബി.എസ്.എഫ് ക്യാമ്പില്‍ ഒരു വലിയ ഗ്രൗണ്ടുണ്ടെന്നും അത്യാഹിത ഘട്ടങ്ങളില്‍ ഇവിടെ ഹെലികോപ്റ്റര്‍ ഇറക്കാമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി.
മമത സര്‍ക്കാരിന് ബി.ജെ.പിയെ ഭയമാണെന്ന് യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. ഇതേ കാരണം കൊണ്ടാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാനും ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post