ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടാക്കും. സീറ്റുകള്‍ പങ്കിടാന്‍ സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടായെന്ന കാര്യത്തിലും ധാരണയായിട്ടുണ്ട. വെള്ളിയാഴ്ച ചേരുന്ന സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇതേപ്പറ്റി അന്തിമ തീരുമാനമുണ്ടായേക്കും. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് നാലും സി.പി.എമ്മിന് രണ്ടും സീറ്റുകളാണുള്ളത്.
തിരഞ്ഞെടുപ്പിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരിയും തമ്മില്‍ ചര്‍ച്ച നടന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വച്ച് ഇരുവരും കണ്ട് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം കോണ്‍ഗ്രസിനോടൊപ്പം സഖ്യത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ നീക്കം കാര്യമായ വിജയത്തിലേക്ക് നയിച്ചില്ല. 295 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 സീറ്റും സി.പി.എമ്മിന് 26 സീറ്റുമായിരുന്നു ലഭിച്ചത്.
Discussion about this post