പാലക്കാട്: പാലക്കാട് തന്നാൽ കേരളം ഞങ്ങൾ എടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘തൃശൂർ ഇങ്ങ് എടുക്കുവാ’ എന്ന് പറഞ്ഞതിനെക്കുറിച്ച് വന്ന ട്രോളുകൾ അക്ഷരാർത്ഥത്തിൽ തനിക്ക് ഗുണമേ ചെയ്തിട്ടുള്ളൂവെന്നും ഇപ്പോൾ പാലക്കാടിനെക്കുറിച്ച് പറഞ്ഞത് ട്രോൾ ഗ്രൂപ്പുകളിൽ വരട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള ബി ജെ പി ഒരുക്കം തുടങ്ങിയ പ്രചരണ പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമുള്ള സ്വീകരണത്തോടെയാണ് പാലക്കാട് ഉപ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി ജെ പി തുടക്കം കുറിച്ചത്.വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാടിലും ചേലക്കരയിലും വിജയിക്കാനാകണം. ഇരുമണ്ഡലങ്ങളിലും നേട്ൽടം കൊയ്താൽ അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ ബിജെപിക്ക് കഴിയും. തൃശൂർ ഒരു തുടക്കമല്ല വലിയ തുടക്കങ്ങൾക്കുള്ള ചിന്തയുടെ തിരിനാളമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
തൃശൂരിലെ ജയം പാലക്കാടും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. മാത്തൂർ, കണ്ണാടി, പിരായിരി പഞ്ചായത്തുകളിലും പാലക്കാട് നഗരസഭാ പരിധിയിലും അടിത്തട്ടിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.
Discussion about this post