തിരുവനന്തപുരം: മകന് മരിച്ചാല്‍ അമ്മയ്ക്ക് കിട്ടുന്ന സ്വത്ത് അവരുടെ മരണശേഷം മകന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രമായി ലഭിക്കുന്നതിന് വ്യവസ്ഥചെയ്യുന്ന ഹിന്ദു പിന്തുടര്ച്ച കേരള ഭേദഗതി ബില്‍ തയ്യാറായി.
നിയമസഭയുടെ ഈ സമ്മേളനത്തില്‍ ബില്ല അവതരിപ്പിക്കുമെന്നാണ് സൂചന. 29നാണ് ഇനി നിയമസഭ യോഗം ചേരുന്നത്. അപ്പോള്‍ ബില്‍ പരിഗണിയ്ക്കാനാണ് സാധ്യത. ഇത്തരമൊരു ഭേദഗതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍ക്കാരിനും നിയമസഭയ്ക്കും ലഭിക്കുന്നുണ്ട്.
1956ലെ ഹിന്ദു പിന്തുടര്ച്ച നിയമത്തിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ഇതിലെ എട്ടാം വകുപ്പുപ്രകാരം മരണശാസനം കൂടാതെ ഒരു ഹിന്ദുമതത്തില്പെട്ടയാള് മരിച്ചാല്‍ അയാളുടെ സ്വത്ത് മകന്, മകള്‍, അമ്മ, വിധവ എന്നിവര്‍ക്ക് കിട്ടും. എന്നാല്‍ മകന്റെ സ്വത്ത് ലഭിച്ച അമ്മ മരിച്ചാല്‍ ആ വസ്തുവിന്റെ ഭാഗം അമ്മയുടെ മറ്റ് അനന്തരാവകാശികളിലേക്കും അതായത്, മരിച്ചയാളിന്റെ സഹോദരങ്ങള്‍ക്കും പോകും. ഇത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മരിച്ച മകന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രമായി ഇത് ലഭിക്കാന്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.
ഇതിനായി നിയമത്തിന്റെ 15ാം ഉപവകുപ്പിന്റെ രണ്ടാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഭേദഗതി ഇപ്രകാരമാണ് ‘ഒരു ഹിന്ദു സ്ത്രീക്ക് അവളുടെ മുമ്പ് മരിച്ച പുത്രനില്‍നിന്നും അനന്തരാവകാശമായി ലഭിച്ച ഏതെങ്കിലും വസ്തു ഒന്നാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റ് അനന്തരാവകാശികള്‍ക്ക് അതില്‍ നിര്‍ദ്ദേശിച്ച ക്രമത്തില്‍ സംക്രമിക്കുന്നതല്ലാത്തതും എന്നാല്‍ മുമ്പ് മരിച്ച ഏത് പുത്രനില്‍ നിന്നാണോ അവള്‍ക്ക് വസ്തു അനന്തരാവകാശമായി ലഭിച്ചത് ആ പുത്രന്റെ അനന്തരാവകാശികളിലേക്ക് സംക്രമിക്കുന്നതും ആകുന്നു.’ 2015ലെ ഹിന്ദു പിന്തുടര്ച്ച (കേരള ഭേദഗതി) എന്നതാണ് ഈ നിയമത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്.
നിയമത്തില്‍ മാറ്റം വരുത്താന്‍ ഏതാണ്ട് ഒരു വര്‍ഷം മുമ്പുതന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇത് സഭയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല.
Discussion about this post