മാവോയിസ്റ് നേതാവ് രൂപേഷിന്റെ മകളെ പീഡിപ്പിച്ച അമാനവ സംഗമം നേതാവ് രജീഷ് പോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു . ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പാലക്കാട് പൊലീസ് കേസെടുതിരുന്നു . കോഴിക്കാട് 2015ല്‍ നടത്തിയ ‘അമാനവസംഗമം’ പരിപാടിയുടെ മുഖ്യസംഘാടകനും മാവോയിസ്റ്റ് പ്രവര്‍ത്തകനുമാണ് രജീഷ് പോള്‍ .
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ നേരിട്ട ലൈംഗികാതിക്രമം സംബന്ധിച്ച് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രജീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആക്റ്റിവിസ്റ്റ് രജീഷ് പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാവോയിസ്റ്റ് നേതാക്കളുടെ മകളും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകയുമായ പെണ്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തന്റെ വീട്ടില്‍ നിരന്തരമായി നടന്ന പൊലീസ് റെയ്ഡുകളില് പ്രതിഷേധിച്ച് കുറച്ച് സുഹൃത്തുക്കള്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് തന്നെയും അനിയത്തിയെയും കാണാന്‍ വന്നിരുന്നു. അങ്ങനെയാണ് രജീഷിനെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് അടുത്തുകൂടിയ രജീഷ് പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു. തന്റെ ചിത്രങ്ങള്‍ കയ്യിലുണ്ടെന്നും അത് ഫേസ് ബുക്കിലിടുമെന്നും പറഞ്ഞ് രജീഷ് ഭീഷണിപ്പെടുത്തി. 16 വയസുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ ചെയ്യാന്‍ പോലും തോന്നിയെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിനെതുടര്ന്നാണ് രജീഷിനെതിരെ കേസ്സെടുത്തത്. രജീഷ് പോള്‍ മുന്‍പ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം കിട്ടാത്ത സാഹചര്യത്തില്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ആക്ടിവിസ്റ്റ് രജീഷ് പോള്‍ തനിക്ക് പ്രായപൂര്‍ത്തിയാകും മുന്‍പേ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ ശരിവച്ച് രജീഷിന്റെ മുന്‍ഭാര്യയും മുന്നോട്ടു വന്നിരുന്നു . തന്റെ സുഹൃത്തായ പെണ്‍കുട്ടിയെ ഇയാള്‍ പരിചയപ്പെടുകയും പിന്നീട് താനും ആ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ തകര്‍ത്തുകൊണ്ട് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് ഭാര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നത്. ഈ വിവരമടക്കം രജീഷ് പോളിന്റെ പ്രവര്‍ത്തികള്‍ മനസ്സിലാക്കിയതിനാലാണ് വിവാഹമോചിതയായെന്നകാര്യം ഇവര്‍ സൂചിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ തന്നെ വെളിപ്പെടുത്തലിനു വേണ്ടി കാത്തുനിന്നതിനാലാണ് താനും പീഡനവിവരം ഇത്രയുംകാലം മറച്ചുവെച്ചതെന്നും ഇവര്‍ പറയുന്നു.
Discussion about this post