കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുക്കണമെന്ന് വി.മുരളീധരന് എം.പി . രാജ്യം ഭീഷണി നേരിടുമ്പോള്‍ ശത്രുരാജ്യത്തിനായി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് കോടിയേരിയുടേത് . സിപിഎം ജനറല്‍ സെക്രടറി യച്ചൂരി പിന്തുണ പ്രഖ്യാപിക്കുകയും കേരളത്തില്‍ കോടിയേരി മറ്റൊരു നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ തെളിയുന്നത് സിപിഎമ്മിന്റെ സാഹചര്യമാനുസരിച്ചുള്ള വോട്ട്ബാങ്ക് രാഷ്ട്രീയം ആണെന്നും മുരളീധരന് കുറ്റപ്പെടുത്തി .
” സി.പി.എം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നില്ക്കുമ്പോള് വോട്ട് ബാങ്ക് മുന്നില്‍ കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുകയും പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്ത കോടിയേരി ബാലകൃഷ്ണനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണം. ഇന്ത്യ ചൈനയുമായിട്ടുള്ള യുദ്ധക്കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത് . ശത്രുരാജ്യത്തെ പിന്തുണയ്ക്കുന്ന നിലപാടിന്റെ പേരില്‍ ഇ.എം.എസിന് ഉള്‍പ്പടെ ജയിലില്‍ കിടക്കേണ്ടി വന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഉള്ളത് . ശത്രുരാജ്യങ്ങളില്‍ നിന്നും ഭീഷണി നേരിടുമ്പോള്‍ രാജ്യസ്നേഹം പ്രകടിപ്പിക്കാതെ ശത്രുരാജ്യത്തോടുള്ള കൂറാണ് കോടിയേരി പ്രകടിപ്പിക്കുന്നത് ” മുരളീധരന് പറഞ്ഞു .
“മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ എല്ലാ സര്‍വേകളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കനത്ത തകര്‍ച്ച നേരിടുമെന്നാണ് പറഞ്ഞിട്ടുള്ളത്. തെരഞ്ഞെടുപ്പിലുണ്ടാകുന്ന പരാജയഭീതി മുന്നില്‍ കണ്ടുകൊണ്ടുള്ള നിലപാടാണ് കോടിയേരിയുടേത് . പാക് അനുകൂല നിലപാടിലൂടെ കേരളത്തിലെ ന്യൂനപക്ഷ മുസ്ലീം സമുദായത്തെ എങ്കിലും ഒപ്പം നിര്‍ത്താനുള്ള ആസൂത്രിതശ്രമമാണ് ഇത്തരമൊരു ദേശവിരുദ്ധ പ്രസ്താവനയ്ക്ക് പിന്നില്‍ . കേരളത്തിലുള്ള മുസ്ലീങ്ങളുടെ ദേശസ്നേഹത്തെ പോലും ചോദ്യം ചെയ്യുന്നതാണ് കോടിയേരിയുടെ പ്രസ്താവന . കേരളത്തിലുള്ള മുസ്ലീങ്ങള്‍ മുഴുവന്‍ പാക് അനുകൂലികള്‍ ആണെന്ന തെറ്റിധാരണയില്‍ നിന്നുമാണ് കോടിയേരിയുടെ ഇത്തരമൊരു പ്രസ്താവന .
കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പിന്തുണ പ്രഖ്യാപിക്കുകയും കേരളത്തില്‍ കോടിയേരി മറ്റൊരു നിലപാടെടുക്കുകയും ചെയ്യുന്നതിലൂടെ തെളിയുന്നത് സി.പി.എമ്മിന്റെ സാഹചര്യമനുസരിച്ചുള്ള വോട്ടബാങ്ക് രാഷ്ട്രീയമാണ്. കോടിയേരിയുടെ പ്രസ്താവന അത്യന്തം അപകടകരവും അതിനേക്കാള്‍ ഉപരി രാജ്യദ്രോഹവുമാണ് . കോടിയെരിയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി എത്രയും വേഗം അറസ്റ്റ് ചെയുകയാണ് വേണ്ടത് – മുരളീധരന് പറഞ്ഞു .
Discussion about this post