ജമ്മു കശ്മീരില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണക്കാരന്‍ കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്ന വിഷയം നെഹ്രു സ്വയമാണ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ഭരണാധികാരിയായിരുന്നു രാജാ ഹരി സിംഗ് സംസ്ഥാനത്തെ ഇന്ത്യയുടെ ഭാഗമാക്കാന്‍ തയ്യാറായെങ്കിലും ഇപ്പോഴും കശ്മീര്‍ പുകയുന്നുവെന്ന് യോഗി പറഞ്ഞു. ശനിയാഴ്ച ബീഹാറിലെ കിഴക്കന്‍ ചമ്പരന്‍ ജില്ലയില്‍ കൃഷി പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം യു.പി.എ സര്‍ക്കാര്‍ ഭീകരവാദത്തിന് നേരെ ഒരു നടപടിയുമെടിത്തില്ലെന്ന് യോഗി പറഞ്ഞു. ‘മുന്‍പ് അതിര്‍ത്തിക്കപ്പുറമുള്ള ഇന്ത്യയില്‍ തോന്നും വിധത്തില്‍ കയറി ആക്രമണം നടത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണങ്ങളിലൂടെ അവര്‍ക്ക് തക്ക മറുപടി നല്കുന്നു,’ യോഗി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം 500ലധികം വരുന്ന ചെറു നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള ചുമതല സര്‍ദാര്‍ വല്ലഭായ് പട്ടേലിനായിരുന്നുവെന്ന് യോഗി ചൂണ്ടിക്കാട്ടി. പട്ടേലിന്റെ പ്രയത്നം മൂലം ഈ രാജ്യങ്ങള്‍ ഇന്ത്യയുടെ ഭാഗമായെന്നും ഇപ്പോള്‍ ഇവിടങ്ങളില്‍ ഒരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും യോഗി പറഞ്ഞു.
Discussion about this post