സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. അയോധ്യ കേസില്‍ മധ്യസ്ഥ ശ്രമത്തിനുള്ള കോടതിയുടെ നീക്കം ഹിന്ദുക്കളുടെ വികാരം മാനിക്കാതെയുള്ളതാണെന്നും, മധ്യസ്ഥതയ്ക്കുള്ള നീക്കം അതിശയിപ്പിക്കുന്നതാണെന്നുമാണ് ആര്‍എസ്എസ്.
രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസങ്ങള്‍ എത്രയും പെട്ടെന്ന് നീക്കി കേസില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കുകയായിരുന്നു വേണ്ടത്.അതിനായി മധ്യസ്ഥ ചര്‍ച്ച വിളിച്ചിരിക്കുകയാണ്.എന്നാല്‍ സുപ്രീം കോടതി ഇതേ താല്പര്യം ശബരിമല വിഷയത്തിലും കാണിച്ചില്ല എന്നാണ് ആര്‍ എസ് എസ് വിമര്‍ശിക്കുന്നത്. ബെഞ്ചിലുണ്ടായിരുന്ന വനിതാ ജഡ്ജിയുടെ നിലപാട് കണക്കിലെടുത്തില്ലെന്നും ആര്‍എസ്എസ് പറയുന്നു.
ഹിന്ദുവിന്റെ വികാരങ്ങളെ തുടര്‍ച്ചയായി അവഗണിക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ കോടതി വിധിയിലെ പോരായ്മ മനസിലാക്കാതെ തിടുക്കത്തില്‍, ഹിന്ദുവിനെതിരായ ഗൂഡോദ്ദേശം മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്നും ആര്‍എസ്എസ് വിമര്‍ശിക്കുന്നു.
വെള്ളിയാഴ്ചയാണ്, രാം ജന്മഭൂമി-ബാബറി മസ്ജിദ് കേസ് സുപ്രീംകോടതി മധ്യസ്ഥതയ്ക്ക് വിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എടുത്ത തീരുമാനത്തിനെതിരെയാണ് ആര്‍ എസ്എസിന്റെ വിമര്‍ശനം.
Discussion about this post