ന്യൂയോര്‍ക്ക് ; പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യമുന്നയിച്ച് യുഎസ് വീണ്ടും യുഎന്‍ രക്ഷാ സമിതിക്കു കരട് പ്രമേയം സമര്‍പ്പിച്ചു. മസൂദ് അസഹറിനെ ആഗോള ഭീകരാനാക്കാനുള്ള ശ്രമം നേരത്തേ തടഞ്ഞ ചൈനയ്ക്ക് യുഎസിന്റെ ഈ നീക്കം ഒരു തിരിച്ചടിയാകാനാണ് സാധ്യത. ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും പ്രമേയത്തെ പിന്തുണയ്ക്കുന്നു.
ഇത് ആദ്യമായാണ് യുഎസും യുകെയും ഫ്രാന്‍സും ചേര്‍ന്നു രക്ഷാസമിതിയില്‍ നേരിട്ട് അസ്ഹറിനെതിരെ കരടു പ്രമേയം കൊണ്ടുവരുന്നതെന്നു യുഎന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ യുഎസ് ‘ബലമായി’ പ്രമേയം കൊണ്ടുവന്നത് യുഎന്‍ ഭീകരവിരുദ്ധ സമിതിയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും പ്രശ്നം കൂടുതല്‍ സങ്കീര്ണമാക്കുന്നതാണെന്നും ചൈന കുറ്റപ്പെടുത്തി.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രക്ഷാസമിതിയുടെ ഭീകരവിരുദ്ധ ഉപസമിതിയില്‍ യുഎസ് കൊണ്ടുവന്ന പ്രമേയം ചൈന വീറ്റോ ചെയ്തിരുന്നു. രക്ഷാസമിതിയിലെ ഇപ്പോഴത്തെ പ്രമേയവും അവര്‍ വീറ്റോ ചെയ്യുമോ എന്നാണ് മറ്റു ലോകരാജ്യങ്ങള്‍ ശ്രദ്ധിക്കുന്നത്. പ്രമേയം അംഗീകരിക്കണമെങ്കില്‍ 15 അംഗ സമിതിയിലെ വീറ്റോ അധികാരമുള്ള 5 സ്ഥിരാംഗങ്ങള്‍ക്കു പുറമേ 4 രാജ്യങ്ങള്‍ കൂടി പിന്തുണയ്ക്കണം.
Discussion about this post